തിരുവനന്തപുരം : ഇന്ധനവില തുടര്‍ച്ചയായ 12-ാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 53 പൈസയുമാണ് കൂടിയത്.
12 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 6.68 രൂപയാണ്. പെട്രോളിന് 6.53 രൂപയും വര്‍ധിച്ചു. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല.
ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 40 ഡോളറാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.