സ്ഥാപനങ്ങളിലെ ചില്ലു ഭിത്തികളുടെ ഗുണനിലവാരം; ഉടമകള്‍ 45 ദിവസത്തിനകം ഉറപ്പാക്കണം

കൊച്ചി: വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പെരുമ്പാവൂരില്‍ ചില്ലുവാതില്‍ തകര്‍ന്ന് ഗ്ലാസ് കഷ്ണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയാക്കിയ സാഹചര്യത്തിലാണ് പുതിയ മാര്‍ഗരേഖ ജില്ലാ ഭരണകൂടം പുറത്തിറക്കിയത്. ജില്ലയിൽ 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തില്‍ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികള്‍ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്.

അനീല്‍ഡ് ഗ്ലാസുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ടെംപേര്‍ഡ് അല്ലെങ്കില്‍ ടഫന്‍ഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതില്‍ തുറക്കേണ്ട ദിശ കൃത്യമായും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.