കേരളത്തിൽ മടങ്ങിയെത്താൻ പ്രവാസികള്‍ക്ക് കൊറോണ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

തിരുവനന്തപുരം: വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കൊറോണ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വന്ദേ ഭാരത് മിഷനിലൂടെ ഉള്‍പ്പെടെ എല്ലാ വിമാനങ്ങില്‍ വരുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ഇതു സംബന്ധിച്ച് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ സംവിധാനത്തിലൂടെ ഒരു മണിക്കുറിനുള്ളില്‍ പരിശോധനാ ഫലം അറിയാനാകും. എംബസികള്‍ ഈ സംവിധാനം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തണമെന്നും നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ പ്രവേശിച്ചിക്കണമെന്നുമാണ് കേരളത്തിന്റെ നിര്‍ദേശം.

ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. വിമാനത്താവളത്തില്‍ പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗ വ്യാപനം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചാര്‍ട്ടേഡ് വിമവനങ്ങളില്‍ വരുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. യാത്രക്കാര്‍ക്കു നെഗറ്റിവ് സര്‍ട്ടിഫിക്കേറ്റ് വേണന്നെ് സ്വകാര്യ വിമാനക്കമ്പനികളാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിഞ്ഞു. എന്നാല്‍ പുറത്തു നിന്നും ആളുകള്‍ വന്നു തുടങ്ങിയതോടെ രോഗനിരക്ക് വന്‍ തോതില്‍ ഉയര്‍ന്നു തുടങ്ങിയതോടെയാണ് വീണ്ടും നിലപാടുമായി മുന്നോട്ടു പോകുന്നത്.

ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറ്റ് നി‍ർദേശങ്ങളൊന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നോ വിദേശകാര്യമന്ത്രാലയത്തിൽ നിന്നോ മറുപടി നൽകിയിട്ടില്ല.

പല പ്രധാന പ്രവാസിസംഘ‍ടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പല വിദേശരാജ്യങ്ങളിലും ഇപ്പോൾ ആർടിപിസിആർ ടെസ്റ്റുകൾ നടക്കുന്നില്ല. മാത്രമല്ല, ടെസ്റ്റുകൾ നടക്കുന്ന ഇടങ്ങളിൽ ഓരോ ടെസ്റ്റിനും ഏതാണ്ട് എണ്ണായിരം രൂപ മുതൽ മുകളിലേക്കാണ് ചാർജ് ഈടാക്കുന്നത്. ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് ഈ ചെലവ് താങ്ങാനാകുന്നതല്ലെന്നും, ഈ തീരുമാനം പിൻവലിക്കണമെന്നും പ്രവാസിസംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്.

ഈ സാഹചര്യത്തിൽ തൽക്കാലം റാപ്പിഡ് ടെസ്റ്റുകളുടെ ഫലം അടിസ്ഥാനപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് മതിയെന്നാണ് സംസ്ഥാനം ബദൽ നിർദേശമായി മുന്നോട്ട് വയ്ക്കുന്നത്. ട്രൂനാറ്റ് പരിശോധന എന്ന ദ്രുതപരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിൽ ഉള്ള സർട്ടിഫിക്കറ്റ് മതി എന്നതാണ് സംസ്ഥാനത്തിന്‍റെ നി‍ർദേശം. ടിബി രോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ഈ പരിശോധനയ്ക്ക് പൊതുവേ ചെലവ് കുറവാണ്, പെട്ടെന്ന് ഫലം ലഭിക്കുകയും ചെയ്യും.