സക്കീര്‍ ഹുസൈനെതിരെ സിപിഎം നടപടി സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍

കൊച്ചി: കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു സി.പി.എം. ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. അനധികൃത സ്വത്തുസമ്പാധന കേസില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയ പേരില്‍ വന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ സംബന്ധിച്ചു അന്വേഷിക്കുമെന്നും മോഹനൻ പറഞ്ഞു.

അതേ സമയം ഇത്തരത്തില്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതായി യാതൊരു അറിയിപ്പും തനിക്കു ലഭിച്ചിട്ടില്ലെന്നു സംഭവത്തോടു സക്കീര്‍ ഹുസൈനും പ്രതികരിച്ചു. ഇതു വരെ ഇതേ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കേണ്ടതു ജില്ലാ കമ്മിറ്റിയാണെന്നും താന്‍ ഇപ്പോഴും ഏരിയാ സെക്രട്ടറിയായി തന്നെയായാണു സംസാരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സക്കീര്‍ ഹുസൈനെതിരെ വന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശ നല്‍കിയിരുന്നു എങ്കിലും പുറത്താക്കലിനെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദനത്തിനെക്കുറിച്ചുള്ള ചോാദ്യങ്ങള്‍ക്ക് തന്റെ പേരില്‍ വീടോ വാഹനമോ ബിനാമി ഇടപാടുകളോ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ പാര്‍ട്ടിക്കു സംവിധാനമുണ്ടെന്നും പാര്‍ട്ടി ഇതു സംബന്ധിച്ചു അന്വോഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തനിക്കെതിരായ ആരോപണങ്ങളുമായി രംഗത്തു വരുന്നത് കളമശേരിയിലുള്ള ഒരു വിവരവാകാശ ഗുണ്ടയാണെന്നു സക്കീര്‍ ഹുസൈന്‍ പറയുന്നു.