ആശങ്കയും പ്രതിഷേധവും; ഒമ്പതാം ദിവസവും ഇന്ധന വില വർധന; ആകെ കൂടിയത് 5 ₹

തിരുവനന്തപുരം: കൊറോണ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ദിവസേന കൊള്ളയടിക്കുന്നതിൽ കൈ കോർത്ത് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും . ആശങ്കയും പ്രതിഷേധവുമുയർത്തി തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വില വർധന. പെട്രോളിന് ലിറ്ററിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒന്‍പത് ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 5.01 രൂപയാണ് കൂട്ടിയത്. ഡീസലിന് 4.95 രൂപയും. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 52 പൈസ നല്‍കണം. ഡീസലിന് 70 രൂപ 75 പൈസയും .

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു. ഈ വില വർധന ഇനിയും തുടരാനാണ് സാധ്യത. കേന്ദ്ര സർക്കാരിൻ്റെ പ്രതിപക്ഷത്തിൻ്റെ മൗനവും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.