കൊല്ലം: കടയ്ക്കലിൽ കഴിഞ്ഞ ദിവസം പൊലീസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തെ തുടർന്ന് സുഹൃത്ത് അറസ്റ്റിൽ.
മരിച്ച അഖിലിനൊപ്പം മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാളായ വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് കുടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. വെളളിയാഴ്ചയാണ് അഖില്‍ മലപ്പുറത്ത് നിന്ന് നാട്ടിലേക്ക് വന്നത്. നാട്ടില്‍ എത്തിയ ഉടനെ മദ്യം കിട്ടാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ അഖില്‍ ഒരു സന്ദേശം അയച്ചിരുന്നു. ഉടന്‍ തന്നെ തന്റെ കൈയില്‍ മദ്യം ഉണ്ടെന്ന് വിഷ്ണു പറഞ്ഞതായി പൊലീസ് പറയുന്നു.
അമിത മദ്യപാനമാണു മരണത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഒപ്പം മദ്യപിച്ച സുഹൃത്ത് ചരിപ്പറമ്പ് സ്വദേശി ഗിരീഷും (28) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, വിഷ്ണുവിനു മാത്രം ആരോഗ്യപ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്. വിഷ്ണു കുടിക്കാനായി കൊണ്ടുവന്നത് സ്പിരിറ്റായിരുന്നു.
സ്വകാര്യ ആശുപത്രി ജീവനക്കാരിയാണു സ്പിരിറ്റ് നൽകിയതെന്നു അറസ്റ്റിലായ പ്രതി വിഷ്ണു മൊഴി നൽകി. സാനിറ്റൈസർ നിർമിക്കാനും മുറിവിൽ പുരട്ടാനും വേണമെന്നു പറഞ്ഞാണു സ്പിരിറ്റ് വാങ്ങിയതെന്നും വിഷ്ണു കൂട്ടിച്ചേർത്തു. മദ്യം ഇവർക്കെത്തിച്ചു നൽകിയ ആളാണ് ചരിപ്പറമ്പ് സ്വദേശി വിഷ്ണു. ചരിപ്പറമ്പ് രോഹിണിയിൽ രാമചന്ദ്രൻ പിള്ളയുടെ മകൻ മലപ്പുറം റിസർവ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ അഖിലിനെ (35) ആണ് ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.