മാഹിയിൽ പൊലീസുകാരന്റെ അച്ഛന് കൊറോണ; പൊലീസ് കോട്ടേഴ്സ് അടച്ചു

കണ്ണൂർ: മാഹിയിൽ പൊലീസുകാരന്റെ അച്ഛന് സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചു. രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് കോട്ടേഴ്സ് അടച്ചിടാൻ മാഹി ആരോ​ഗ്യവകുപ്പ് ഉത്തരവിറക്കി. ഇന്നലെയാണ് പൊലീസുകാരന്റെ പിതാവായ 71 കാരന് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് കൊറോണ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ, ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോ​ഗിയുടെ കുടുംബത്തെയും പൊലീസ് കോട്ടേഴ്സിലുള്ള എല്ലാവരെയും നീരീക്ഷണത്തിലാക്കാനും ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചു. 71കാരന് എങ്ങനെയാണ് രോ​ഗം പകർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇയാളുടെ മറ്റൊരു മകൻ ഷാർജയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊറോണ പരിശോധനാഫലം നെ​ഗറ്റീവാണ്.

ഇതോടെ മാഹിയിൽ രോഗബാധിതരുടെ എണ്ണം ഒമ്പത് ആയി. പള്ളൂർ സ്വദേശിനിയായ 58 കാരിക്കും 45 കാരനായ പന്തക്കൽ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കൽ സ്വദേശി ദുബായിൽ നിന്നും ജൂണ്‍ നാലിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇപ്പോൾ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.