സര്‍ക്കാര്‍ സര്‍വീസിനും ആധാര്‍ നിര്‍ബന്ധമാക്കി; ഒരുമാസത്തിനകം പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ആള്‍മാറാട്ടം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പിഎസ്‌സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ഇതിനോടകം 32 ലക്ഷം പേര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാറുമായി ബന്ധിപ്പിച്ചുവെന്ന്് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം.ജോലിയില്‍ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍) പൂര്‍ത്തിയാക്കാത്തവരും പിഎസ്‌സിയിലെ അവരുടെ പ്രൊഫൈലില്‍ ആധാറുമായി ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പിഎസ്‌സി സെക്രട്ടറി കത്തുനല്‍കിയിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ഉത്തരവിറക്കിയത്.

പിഎസ്‌സിയുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പിഎസ്‌സി ഇതാരംഭിച്ചത്. ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നിയമനശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പിഎസ്‌സി ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പെടെ തിരിച്ചറിയല്‍ നടത്തിയിരുന്നത്. കൊറോണ ഭീഷണിയെത്തുടര്‍ന്ന് ഇത് താത്കാലികമായി നിര്‍ത്തിവെച്ചു.

സര്‍ക്കാര്‍ജോലിയില്‍ സ്ഥിരപ്പെടാന്‍ പിഎസ്‌സിയുടെ നിയമനപരിശോധന 2010 മുതലാണ് ഏര്‍പ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയല്‍ അടയാളങ്ങള്‍ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പിഎസ്‌സിക്ക് കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയില്‍ സ്ഥിരപ്പെടുത്തൂ.