ചങ്ങനാശേരി നഗരസഭ; സാജന്‍ ഫ്രാന്‍സിസ് ചെയര്‍മാന്‍; ഭരണം പിടിക്കാനുള്ള ഇടത് നീക്കം പൊളിഞ്ഞു

കോട്ടയം: ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സാജന്‍ ഫ്രാന്‍സിസിന് വിജയം. സാജന്‍ ഫ്രാന്‍സിസിന് 16 വോട്ടുകള്‍ ലഭിച്ചപ്പോൾ എല്‍ഡിഎഫ് പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ സജിതോമസിന് 15 വോട്ടുകള്‍ ലഭിച്ചു. നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് വിമതന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച സാജനെ ജോസ് കെ മാണി വിഭാഗവും പിന്തുണച്ചു.

കേരളാ കോൺഗ്രസുകളിലെ തർക്കവും കോൺഗ്രസിലെ ഭിന്നതയും മുതലാക്കാൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും ഭരണം പിടിക്കാനായില്ല. എല്‍ഡിഎഫിന്റെ 12 അംഗങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥിയുടെ വോട്ട് കൂടി ലഭിക്കുമ്പോള്‍ 13 വോട്ട് ലഭിക്കും. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും നാല് കോണ്‍ഗ്രസ് വിമതന്‍മാരും പിന്തുണച്ചാല്‍ ഭരണം നിലനിര്‍ത്താനാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്ക്കൂട്ടല്‍. എന്നാല്‍ നാല് വിമതന്‍മാരില്‍ രണ്ട് പേരുടെ വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു.

യുഡിഎഫിന് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ ധാരണ അനുസരിച്ചാണ് ഭരണ മാറ്റം നടക്കുന്നത്. നേരത്തെ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനായിരുന്നു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇത് ഭരണപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു.

നഗരസഭയിലെ 37 അംഗങ്ങളിൽ 36 പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഭരണസമിതിയില്‍ യുഡിഎഫ് 18, എല്‍ഡിഎഫ് 12, ബിജെപി 4, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില.