ആറംഗ നായാട്ടു സംഘത്തെ വനം വകുപ്പ് പിടികൂടി

കോഴിക്കോട്: താമരശേരി മുത്തപ്പൻപുഴയിൽ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു.

താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിന് കീഴിൽ വരുന്ന കോഴിക്കോട് മുത്തപ്പൻപുഴയിലാണ് നായാട്ടു സംഘത്തെ പിടികൂടിയത്. പറക്കും അണ്ണാനെയാണ് ഇവർ വെടിവെച്ച് വീഴ്ത്തിയത്. ഇതിൻ്റെ ജഡവും, തോക്കും, സംഘം സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സുധീർ നെരോത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തപ്പൻപുഴയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു

പിടിയിലായ ജുനൈസ്, സതീഷ്, പ്രകാശൻ എന്നിവർ അരീക്കോട് സ്വദേശികളാണ്. തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നിവരാണ് മറ്റ് പ്രതികൾ. 1972- ലെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പറക്കും അണ്ണാനെ കൊന്നതിനാൽ പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വനം വകുപ്പ് അറിയിച്ചു.