അതിരപ്പിള്ളി പദ്ധതി; പ്രതിപക്ഷത്തിരുന്നപ്പോൾ ജനവിരുദ്ധം ; അധികാരത്തിൽ വന്നപ്പോൾ നല്ലത്

ഉണ്ണിക്കുറുപ്പ്

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർത്തതാണെങ്കിലും അധികാരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നതെല്ലാം നല്ലത്. സിപിഎം നേത്യത്വം നൽകുന്ന ഇടതുപക്ഷത്തിൻ്റെ ഇരട്ട താപ്പ് നയത്തിൻ്റെ പ്രകടമായ ഉദാഹരണമായി അതിരപള്ളി പദ്ധതി. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള വൈദ്യുതിവകുപ്പിന്റെ തീരുമാനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പദ്ധതിക്ക് എന്‍ഒസി നല്‍കിയ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ചു.

മുമ്പ് യുഡിഎഫ് സർക്കാരിൻ്റെ സമയത്ത് പദ്ധതി ജന വിരുദ്ധമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്തടക്കം നിശിതമായി വിമർശിച്ചിരുന്നു. കാലഹരണപെട്ട ജലവൈദ്യുത പദ്ധതി ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് അന്ന് ഇടതുമുന്നണി നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ച അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഈ മാസം നാലിനാണ് വൈദ്യുതി വകുപ്പ് കെഎസ്ഇബിക്ക് അനുമതി നല്‍കിയത്. സാങ്കേതിക സാമ്പത്തികപാരിസ്ഥിതിക അനുമതികള്‍ക്കായി നടപടി വീണ്ടും തുടങ്ങാനാണ് എന്‍ഒസി. ഏഴുവര്‍ഷമാണ് എന്‍ഒസി കാലാവധി. എല്ലാ അനുമതിയും ലഭിച്ചശേഷം ഏഴുവര്‍ഷം വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാനെന്നതിനാലാണിത്.

പദ്ധതിയുമായി ഇനി മുന്നോട്ടുപോകണമെങ്കില്‍ പരിസ്ഥിതി അനുമതിയടക്കം വീണ്ടും നേടണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ എന്‍ഒസി വേണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതികസാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നല്‍കണം.

രാജ്യത്തെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതികളുടെ പുരോഗതി ചര്‍ച്ചചെയ്യാന്‍ 2019 മേയ് 29നു ചേര്‍ന്ന അതോറിറ്റി യോഗത്തിലാണ് അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഈ നിര്‍ദേശമുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ 30നുതന്നെ എന്‍.ഒ.സി. ആവശ്യപ്പെട്ട് കെഎസ്ഇബി. സര്‍ക്കാരിനെ സമീപിച്ചെങ്കിലും വിവാദം കാരണം തീരുമാനം വൈകി. ജൂണ്‍ ഒന്നിന് പ്രശ്‌നം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എന്‍ഒസി നല്‍കിയത്.

സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് എഐവൈഎഫ് വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം നയവ്യതിയാനമാണെന്നും തീരുമാനത്തില്‍ നിന്ന് പിന്തിരയണമെന്നും എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. പദ്ധതിയുമായി
മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര വനം,പരിസ്ഥിവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. എതിര്‍പ്പുകളും വിദഗ്‌ധോപദേശവും അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം പാരിസ്ഥിതിക ദുരന്തത്തിന് വഴിവയ്ക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 1983 ല്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ഇന്ദിരാ ഗാന്ധി കാണിച്ച പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും ഇന്ന് കാണുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.