കൊച്ചി: കൊച്ചി കപ്പൽ ശാലയിലെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നടന്ന മോഷണത്തില്‍ രണ്ടു പേരേ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ പെയ്ന്റിങ്ങ് തൊഴിലാളികളാണ് പിടിയിലായത്. ഹാര്‍ഡ് ഡിസ്‌കുകളടക്കം മോഷണം പോയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.
ബിഹാറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇരുവരും കൊച്ചി കപ്പല്‍ ശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉള്ള പെയ്ന്റിങ് തൊഴിലാളികളായിരുന്നു. വേതനത്തെ തുടര്‍ന്ന് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് ഇരുവരും മൊഴി നല്‍കിയത്. അതിനാല്‍ സംഭവം സാധാരണ ഗതിയിലുള്ള മോഷണം മാത്രമാണെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. 2019 സെപ്റ്റംബറിലാണ് നിര്‍മാണത്തിലിരുന്ന കപ്പലില്‍ മോഷണം നടന്നത്.
കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറില്‍ നിന്നും അഞ്ചെണ്ണത്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്, മൈക്രോ പ്രോസസര്‍, റാം, കേബിളുകള്‍, എന്നിവയാണ് മോഷണം പോയത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റഫോം മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷിടിക്കപ്പെട്ടത്. വിദേശ കമ്പനിയുടെ സഹായത്തോടെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ആണ് ഇത് കപ്പലിനു വേണ്ടി രൂപപ്പെടുത്തിയത്. അതിനാല്‍ അതീവ ഗൗരവമേറിയതായിരുന്നു അന്വേഷണം. പ്രതികളെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ആദ്യം പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.