ഓർമ്മകളിൽ ഇനി നിധിൻ ജീവിക്കും; ജന്മനാടിൻ്റെ യാത്രാമൊഴി

കോഴിക്കോട്: അനേകായിരങ്ങളുടെ ഓർമ്മകളിൽ ഇനി നിധിൻ ജീവിക്കും. ഗർഭിണികളും രോഗികളുമടക്കം പ്രവാസികളെ നാട്ടിലെത്തിക്കാൻ പൊരുതിയ നിധിന് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിധിന്‍റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഷാര്‍ജയില്‍ മരിച്ച നിധിന്‍ ചന്ദ്രന്‍റെ. ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി.

ഭാര്യ ആതിരക്ക് നിധിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് മൃതദേഹം ആദ്യംകൊണ്ടുവന്നത്. ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്. ഇന്നലെയാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.10
മിനിട്ട് മാത്രമാണ് ആംബുലന്‍സ് ആശുപത്രിയില്‍ നിര്‍ത്തിയത്. വീല്‍ചെയറില്‍ ആതിരയെ ആംബുലന്‍സിന് സമീപം കൊണ്ടുവന്നു. അടുത്ത ബന്ധുക്കളും ആതിരക്ക് ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് നിധിന്റെ മരണം ആതിരയെ അറിയിച്ചത്.

ഇന്നലെ കുഞ്ഞ് ഉണ്ടായിട്ടും നിധിന്‍ വിളിക്കാതിരുന്നതോടെ എന്തുകൊണ്ടാണെന്ന് ആതിര അന്വേഷിക്കുന്നുണ്ടായിരുന്നു. ചെറിയ നെഞ്ചുവേദന എന്നാണ് ആദ്യം അറിയിച്ചത്. ഇന്ന് രാവിലെ അല്‍പം ഗുരുതരമാണെന്ന് പറഞ്ഞു. നിധിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിയതോടെയാണ് മരണ വിവരം അറിയിച്ചത്. കൊറോണ കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ടിക്കറ്റ് സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചു. രണ്ടു പേര്‍ക്ക് ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.