ജയമോഹന്‍ തമ്പിയുടെ കൊലപാതകം; മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ; മകന്‍ അശ്വിൻ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം : മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് മുന്‍ രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകമെന്ന് നിഗമനം. കേസില്‍ അറസ്റ്റിലായ മകന്‍ അശ്വിനും ജയമോഹന്‍ തമ്പിയും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടാരുന്നു. ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിന്‍, ജയമോഹന്‍ തമ്പിയുടെ എടിഎം കാര്‍ഡ് ചോദിക്കുകയും തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ തമ്പിയെ പിടിച്ചുതള്ളുകയുമായിരുന്നു.

ഈ വീഴ്ചയില്‍ തലയിലേറ്റ മുറിവാണ് മരണകാരണമായതെന്ന് പൊലീസ് പറയുന്നു. വീണ് പരിക്കേറ്റ ജയമോഹനെ അശ്വിനാണ് സിറ്റൗട്ടില്‍ നിന്നും വലിച്ചിഴച്ച് ഹാളില്‍ കിടത്തിയത്. ഈ സമയം അശ്വിന്റെ സുഹൃത്തായ അയല്‍വാസിയും കൂടെയുണ്ടായിരുന്നു. അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്വിനൊപ്പം ശനിയാഴ്ച മദ്യപിക്കാനെത്തിയിരുന്ന അയല്‍വാസിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജയമോഹന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ചയാണ് തിരുവനന്തപുരം മണക്കാട്ടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ജയമോഹന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തുമ്പോള്‍ അശ്വിനും മദ്യപിച്ച് വീട്ടിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജയമോഹന്‍ തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. 1982- 84 കാലഘട്ടത്തില്‍ കേരളത്തിനായി ജയമോഹന്‍ തമ്പി ആറു രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം അതിഥിയായി എസ്ബിടിക്കു വേണ്ടി കളിച്ചതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. ബാങ്കിനായി 20 വര്‍ഷം കളിച്ചു.