ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും; ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി

കോഴിക്കോട്: വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയ, മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ച നിതിന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലാകും മൃതദേഹം എത്തിക്കുക. തന്റെ ഭർത്താവിന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു. ആതിരയോടൊപ്പം നാട്ടിലെത്താൻ ഭര്‍ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്കായി ആ ടിക്കറ്റ് നല്‍കുകയായിരുന്നു.

നിതിന്റെ മരണം ഇതുവരെ ആതിരയെ അറിയിച്ചിട്ടില്ല. പ്രസവത്തിനു മുന്‍പുള്ള പരിശോധനയെന്ന പേരില്‍ ബന്ധുക്കള്‍ ആതിരയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രിയതമന്റെ വേർപാട് ആതിരയെ എങ്ങനെ അറിയിക്കുമെന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഒരു ​ഗ്രാമം മുഴുവൻ. യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നേതൃത്വം നല്‍കുന്നത്.