തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍; വോട്ടർപട്ടിക 17 ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടക്കും. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും.
കണ്ണൂരിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പൽ കോർപറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് ഈ വർഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക ജനുവരി 20 ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. തുടർച്ചയായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി നവംബര്‍ 12നാണ് അവസാനിക്കുന്നത്. അതിന് മുന്‍പ് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടത് കൊണ്ട് ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ കമ്മീഷന്‍ ആരംഭിച്ചു. ഇതുവരെ ഫോട്ടോ ഉള്‍പ്പെടെ മറ്റ് രേഖകള്‍ ഹാജരാക്കാത്തവര്‍ ജൂണ്‍ 9 മുതല്‍ 11 വരെ നേരിട്ടോ അല്ലാതെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് അടുത്ത മാസവും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കും. പുതിയതായി 21 ലക്ഷത്തോളം അപേക്ഷകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കമ്മീഷന് ലഭിച്ചിരിക്കുന്നത്.