ഉണ്ണിക്കുറുപ്പ്….
തിരുവനന്തപുരം: കൊറോണ രോഗവ്യാപനം കേരളത്തിൽ അതിൻ്റെ നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കണോ എന്ന കാര്യത്തിൽ വിവിധ മതനേതാക്കൾ പുനർവിചിന്തനത്തിൽ. യഥാർഥത്തിൽ ആരാധനാലയങ്ങൾ ഇപ്പോഴാണ് അടച്ചിടേണ്ട സാഹചര്യമെന്ന് മത നേതാക്കളിൽ പലരും വിലയിരുത്തുന്നു.
വിദേശത്തു നിന്ന് കൂടുതൽ പ്രവാസികൾ തിങ്കളാഴ്ച മുതൽ മടങ്ങിയെത്തുമ്പോൾ അവർക്ക് ഹോം ക്വാറൻ്റയിൻ മതി എന്ന സർക്കാർ നയം കൂടി വന്നതോടെയാണ് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മതവിഭാഗങ്ങൾക്കിടയിൽ കൂടുതൽ ആശങ്ക പടർന്നിരിക്കുന്നത്.
വീടുകളിലെ ക്വാറൻ്റയിൻ ഫലപ്രദമായില്ലെങ്കിൽ സാമൂഹ്യ വ്യാപനത്തിന് അത് വഴി തെളിക്കുമെന്നതിൽ സംശയമില്ല.
സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ ഇക്കാര്യത്തിൽ പൊതുഅഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാൽ ആരാധനാലയ പ്രവേശന കാര്യത്തിൽ സൂക്ഷിച്ചു വേണം തീരുമാനമെടുക്കാൻ എന്ന അഭിപ്രായക്കാരാണ് മതനേതാക്കൾ.
കര്‍ശന നിയന്ത്രണത്തോടെ, സുരക്ഷാസംവിധാനങ്ങളോടെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച മുതൽ തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും പല മത വിഭാഗങ്ങളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. വളരെ സൂക്ഷിച്ച് ആരാധനാലയ പ്രവേശനം അനുവദിച്ചില്ലെങ്കിൽ അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പഴി ബന്ധപ്പെട്ടവർക്കാകും ഉണ്ടാകുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതു കൊണ്ട് തന്നെയാണ് കാത്തോലിക്കാ സഭയുടെ എറണാകുളം -അങ്കമാലി അതിരൂപതയിൽ ആരാധനാലയങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുമെന്ന് ആർച്ച് ബിഷപ് മാർ ആൻ്റണി കരിയിൽ വ്യക്തമാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുന്നത്. ആളുകൾ കൂടുന്ന ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറന്നുപ്രവർത്തിക്കുന്നതോടെ കൊറോണ വ്യാപന ആശങ്ക വർധിക്കും. കേന്ദ്രം നിർദേശിച്ച ഇളവുകളുടെ മാനദണ്ഡം പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്.
ശബരിമലയിലും ഗുരുവായൂരിലുമൊക്കെ നടപ്പാക്കാന്‍ പോകുന്ന സംവിധാനങ്ങളെക്കുറിച്ച് ദേവസ്വംമന്ത്രി വിശദീകരിച്ചു. നിയന്ത്രണങ്ങളോടെ തുറക്കാന്‍ സജ്ജമാണെന്ന് വിവിധ മത അധികൃതരും വ്യക്തമാക്കി. തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് അടക്കം ചില ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കുന്നില്ലെന്ന് ഇന്നലെയേ അറിയിച്ചു. കൊറോണ വ്യാപനം തീരുംവരെ തുറക്കുന്നില്ലെന്ന് എറണാകുളം ജില്ലയിലെ മുഴുവന്‍ മുസ്‌ലിം പള്ളികളും തീരുമാനിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്കും ആരാധനയ്ക്ക് അവസരംവേണമെന്ന ആവശ്യവും മറുകോണില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ തീരുമാനങ്ങളെല്ലാം വരുമ്പോഴും കൊറോണ കണക്കുകള്‍ മുകളിലേക്കുതന്നെയാണ്. പതിനായിരക്കണക്കിന് ആളുകള്‍ കൊറോണ തീവ്ര പ്രദേശങ്ങളില്‍നിന്ന് ഈ ദിവസങ്ങളില്‍ എത്താനുമിരിക്കുന്നു. അപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ ഓരോരുത്തരും ചിന്തിക്കേണ്ടതെന്ത്? എടുക്കേണ്ട തീരുമാനമെന്ത്?
ഈസ്റ്റർ, വിഷു, ചെറിയപെരുന്നാൾ ആഘോഷങ്ങളെല്ലാം വീടുകളിൽ ചുരുക്കേണ്ടി വന്ന ലോക്ഡൗൺ കാലത്തിനു ശേഷമാണ് ഒമ്പതു മുതൽ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ചിരിക്കുന്നത്.
സമൂഹ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ നഗരപ്രദേശങ്ങളിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്നാണു മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെ തീരുമാനം. അപരിചിതർ എത്തുന്നത് ഒഴിവാക്കാനാണിത്. ഗ്രാമപ്രദേശങ്ങളിലെ പള്ളികളിലും നമസ്കാരത്തിന് എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കും. അംഗശുദ്ധി വരുത്തുവാൻ പള്ളിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. നമസ്കാരത്തിന് ആവശ്യമായ മുസല്ലകൾ വിശ്വാസികൾ ഒപ്പം കരുതണം.
പ്രതീക്ഷിക്കുന്നതിലും ആളെത്തിയാൽ സാമൂഹിക അകലം പാലിച്ച് പള്ളിക്കു പുറത്തു നിസ്കരിക്കാനേ അനുവദിക്കൂ. വെള്ളിയാഴ്ച ദിവസങ്ങളിൽ 20 മിനിറ്റും അല്ലാത്ത ദിവസങ്ങളിൽ 5 മിനിറ്റും മാത്രമായിരിക്കും നിസ്കാര സമയം. രോഗികൾക്കും കുട്ടികൾക്കും വയോധികർക്കും പ്രവേശനം അനുവദിക്കില്ല.
ദേവസ്വം ബോർഡ് നിർദേശങ്ങൾ പാലിച്ചാവും ജില്ലയിലെ ക്ഷേത്രങ്ങളിൽ ചടങ്ങുകളും വഴിപാടുകളും നടക്കുക. വലിയ ക്ഷേത്രങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ വേലികളും ഒരുക്കുന്നുണ്ട്.
കുർബാന ഒഴികെയുള്ള ശുശ്രൂഷകളൊന്നും തൽക്കാലം പള്ളികളിൽ വേണ്ടെന്നാണു പൊതുവെയുള്ള തീരുമാനം. ആരാധനാ പുസ്തകങ്ങൾ വിശ്വാസികൾക്കു വിതരണം ചെയ്യില്ല. സാമൂഹിക അകലം പാലിക്കാനായി പള്ളികൾക്കുള്ളിൽ അടയാളങ്ങൾ ഇടും.വരുന്ന മുഴുവൻ വിശ്വാസികളുടെയും വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനവും സജ്ജം.
അതേസമയം പ്രസാദം/ തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല എന്ന കേന്ദ്ര മാര്‍ഗ്ഗ നിര്‍ദേശം വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് വിലങ്ങു തടിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത കൈവരുമെന്നാണ് വിലയിരുത്തുന്നത്.
നാളെ സമ്പൂർണ ശുചീകരണ ദിവസമായിരിക്കും. ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും നാളെ അണുവിമുക്‌തമാക്കണം. ചൊവ്വാഴ്‌ച മുതലാണ് പൂർണ തോതിൽ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. കൊറോണ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ ഇളവുകള്‍ പ്രാവര്‍ത്തികമാകുന്നത്. സാധാരണ തോതിൽ പ്രവർത്തനം ആരംഭിക്കുമ്പോഴും നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. കേന്ദ്രവും സംസ്ഥാനവും നിർദേശിക്കുന്ന നിയന്ത്രണങ്ങൾക്ക് അനുസൃതമായി മാത്രമേ ഇളവുകൾ അനുവദിക്കാവൂ.
ശുചീകരണത്തിനും അണുനശീകരണത്തിനുമുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ചെറിയ സംഘങ്ങളായാണു പ്രവർത്തനം. വിശ്വാസികൾ കൂട്ടമായി എത്തരുതെന്നും സമ്പർക്കത്തിനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കണമെന്നും സമൂഹമാധ്യമ കൂട്ടായ്മകൾ വഴി അറിയിക്കുന്നുണ്ട്.
ആരാധനാലയങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ
പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്.
പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. കൊറോണ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.
കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കാമെന്നാണ് കാണുന്നത്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കേണ്ടതാണ്.
എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്.
വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.
ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.
പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം. എന്തായാലും ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.
അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.
ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കേണ്ടതാണ്. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മവും നല്‍കരുത്. ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹ്യ അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ വരണമെന്ന കാര്യത്തില്‍ ക്രമീകരണം വരുത്തും. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍, ഒരുസമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ വരുന്ന വ്യക്തികളുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. രേഖപ്പെടുത്തുന്ന പേന ആരാധനയ്ക്ക് വരുന്നവര്‍ കൊണ്ടുവരണം.
ഹോട്ടലുകൾക്കുള്ള മാർഗനിർദേശങ്ങൾ
- ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ, പാഴ്‌സൽ സംവിധാനം പ്രോത്സാഹിപ്പിക്കണം. ഉപഭോക്താവിന് ഭക്ഷണം എത്തിച്ച് നൽകുന്നവർ, വാതിൽ പടിയിൽ പായ്ക്കറ്റ് വയ്ക്കണം. ഉപഭോക്താവുമായി നേരിട്ടുള്ള ബന്ധം അരുത്.
- റസ്റ്ററന്റ് അധികൃതർ ഹോം ഡെലിവറി സ്റ്റാഫുകളുടെ ശരീരത്തിന്റെ താപനില പരിശോധിക്കണം.
- ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ ഉപയോഗം, താപനില പരിശോധന എന്നിവ നിർബന്ധം.
- അമ്പത് ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്.
- സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
- കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്.
- ജീവനക്കാർ മുഴുവൻ സമയവും മാസ്‌ക് ധരിക്കണം.
- ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
- ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.
- ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
- പാർക്കിങ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കൽ ഉറപ്പ് വരുത്തണം.
- ആളുകൾ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
- ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
- അടുക്കളയിൽ, ജോലിക്കാർ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കണം. പരിസരം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
- കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.
- ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.