കോട്ടയം വാകത്താനം സ്വദേശി വയനാട്ടിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങി

വയനാട്: സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ ചാടിപ്പോയി. ഇയാൾ എങ്ങോട്ടേക്കാണ് പോയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് തിരുനെല്ലി പൊലീസ് കേസെടുത്തു. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ടനെ(42)യാണ് കാണാതായത്.

ഇന്നലെ രാവിലെ ഇയാൾക്ക് ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ്, മണിക്കുട്ടൻ മുറിയിലില്ലെന്ന് മനസിലായത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുനെല്ലി പോലീസ് അന്വേഷണം തുടങ്ങി. കർണ്ണാടകത്തിൽ നിന്നും ജൂൺ നാലിന് തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയ്യാളെ പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടി വിപികെ ലോഡ്ജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു.