ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ ദേവിക മരിച്ച സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ.വി. സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

സംസ്ഥാന സർക്കാർ ഏർപെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തതിനാല്‍ ദേവിക ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു ദേവികയുടെ മാതാപിതാക്കൾ പ്രതികരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണത്തിൽ നിര്‍ണായക തെളിവായ നോട്ടുപുസ്തകം പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മരണം ഇഷ്ടപ്പെടുന്നുവെന്നു നോട്ടുബുക്കില്‍ എഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

തിരൂർ ഡിവൈഎസ്പി കെ.സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. മകൾ ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണെന്ന മൊഴിയിൽ രക്ഷിതാക്കൾ ഉറച്ചുനിൽക്കുകയാണ്. ദേവികയ്ക്ക് മറ്റ് വിഷമങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു പിതാവ് പറയുന്നത്