കൊറോണ രോഗികൾ കൂടാൻ സാധ്യത; ജാഗ്രത പാലിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കൂടുമെന്ന് സൂചന. കുറഞ്ഞത് രണ്ടു മാസമെങ്കിലും അതീവ ജാഗ്രത പുലർത്തേണ്ട പുലർത്തണമെന്ന് വ്യക്തം. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചപ്പോൾ മുതൽ സ്വീകരിച്ച സുരക്ഷിതത്വ നടപടികളെക്കാൾ ശക്തമായ ജാഗ്രതയാണ് ഇനി ഓരോരുത്തരും പുലർത്തേണ്ടതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കിയില്ലെങ്കിൽ കേരളത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.

വെള്ളിയാഴ്ച പുറത്തു വന്ന കൊറോണ ബാധിതരുടെ കണക്കുകൾ രോഗികൾ ഇനിയും കൂടുമെന്ന നിഗമനത്തെ അടിവരയിടുന്നു. പുറത്തു നിന്നെത്തുന്നവരിലാണ് കൂടുതൽ കൊറോണ ബാധിതരെങ്കിലും സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ആശങ്കാജനകമാം വിധം വർധിക്കുകയാണ്. സമൂഹവ്യാപന സാധ്യത ചില സ്ഥലങ്ങളിലുണ്ടെന്ന സംശയം വിദഗ്ധർ സൂചിപ്പിച്ച സാഹചര്യത്തിൽ വ്യാപകമായി ആന്‍റി ബോഡി ടെസ്റ്റിലേക്ക് നീങ്ങുകയാണ് സംസ്ഥാനം.

ക്വാറൻ്റീൻ നിയന്ത്രണങ്ങളിലെ ഇളവുകളും ഹോട്ടലുകളിലും മാളുകളിലുമടക്കം വരുത്തിയ ഇളവുകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതു കൊണ്ട് തന്നെ പുറത്തു നിന്നെത്തുന്നവർ ക്വാൻ്റീൻ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ബന്ധുക്കൾ തന്നെ മുൻകൈയെടുക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെസ്റ്റുകൾക്കൊപ്പം റിവേഴ്സ് ക്വാറന്‍റീൻ ശക്തമാക്കുന്നതും ഗുരുതരമായ രോഗമുള്ളവർക്ക് പ്രത്യേക പ്രോട്ടോക്കാൾ തയ്യാറാക്കുന്നതുമാണ് ഈ ഘട്ടത്തിലെ വെല്ലുവിളി നേരിടാനുള്ള സംസ്ഥാനത്തിന്‍റെ നടപടികള്‍.

മൂന്നാം ഘട്ടത്തിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം മൂന്നക്കം കടന്നാൽ പോലും അത്ഭുതപ്പെടേണ്ടെന്നായിരുന്നു രണ്ടാഴ്ച മുമ്പ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ പ്രവചനം. അത് സംഭവിച്ചു. ഇനി അറിയാനുള്ളത് സാമൂഹ്യവ്യാപന സാധ്യതയെന്ന വലിയ സംശയമാണ്. കേസുകൾ ഉയരുന്ന പാലക്കാടും ഒരു കുടുംബത്തിലെ 13 പേർക്ക് രോഗം ബാധിച്ച ധർമ്മടവും ഈ കുടംബാംഗങ്ങൾക്ക് രോഗമുണ്ടാകാൻ കാരണമെന്ന് സംശയിക്കുന്ന തലശ്ശേരിയിലെ മത്സ്യമാർക്കറ്റും ഉറവിടം അറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചില സ്ഥലങ്ങളും ഒക്കെയാണ് സംസ്ഥാനത്ത് ആശങ്ക കൂട്ടുന്നത്.

ഇതുപോലെ രോഗവ്യാപന തോത് കൂടിയതും അസാധാരണമായ കേസുകൾ ഉള്ളതുമായ ഇടങ്ങളിലും മുൻഗണനാ വിഭാഗങ്ങളിലും വ്യാപകമായി ആന്‍റി ബോഡി ടെസ്റ്റ് നടത്തിയുള്ള പ്രതിരോധത്തിനാണ് സംസ്ഥാനം ഇനി ഊന്നൽ നല്‍കുന്നത്. നിലവിൽ ആക്ടീവായ കേസുകൾ തന്നെ ആയിരത്തോട് അടുക്കുകയാണ്. 973 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണ ചികിത്സയിലുള്ളത്. മൂന്നാം ഘട്ടത്തിലെ സമ്പർക്കരോഗികളുടെ എണ്ണം മാത്രം 110 കടന്നു.