മണിയൂർ സ്വദേശിനിയ്ക്ക് കൊറോണ ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ

കോഴിക്കോട്: മണിയൂർ സ്വദേശിനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം നിരവധി പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് 28 വയസുകാരിയായ യുവതിയെ പ്രസവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെയായിരുന്നു യുവതിയുടെയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനായത്. തുടർന്നുള്ള പരിശോധനയിലായിരുന്നു യുവതിക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഇവരെ ഗൈനക്കോളജി ഡോക്ടർമാർക്കും സർജൻമാർക്കും ജനറൽ സർജർമാരും ഡോക്ടർമാരും പരിശോധിച്ചിരുന്നു. കൂടാതെ ചില മെഡിക്കൽ വിദ്യാർഥികളും നഴ്സുമാരും പ്രസവ സമയത്ത് ഇവരോടൊപ്പം ഉണ്ടായിരുന്നു.
പ്രസവത്തെ തുടർന്ന് മെയ് 24 നാണ് ഇവരെ മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. തുടർന്ന് ജൂൺ 2 ന് നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവാകുകയും ചെയ്തുവെങ്കിലും ഇവർക്ക് എവിടെ നിന്നാണ് കൊറോണ പിടിപെട്ടത് എന്നത് വ്യക്തമല്ല.

പ്രസവ സമയത്ത് ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. തുടർന്ന് അടിയന്തരമായി മെഡിക്കൽ കോളേജിൽ എത്തുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. പത്ത് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുപോയിരുന്നു. ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാർ അടക്കമുള്ളവരെ ഇപ്പോൾ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.