10 പീസ് ചിക്കന് 400 ₹; ജനത്തെ കബളിപ്പിച്ച് പരസ്യം; കെ.എഫ്.സിക്ക് എട്ടിൻ്റെ പണി

കൊച്ചി: ഉപഭോക്താക്കളെ കബളിപ്പിക്കാൻ വ്യാജ പരസ്യം നൽകി കൂടുതൽ പണം വാങ്ങിയ ആഗോള ബ്രാൻഡ് കെ.എഫ്.സിക്ക് എട്ടിൻ്റെ പണി. അധികമായി ഈടാക്കിയ തുക പലിശയടക്കം തിരിച്ചു നൽകണമെന്നും ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം.

പ്രമുഖ ദിനപത്രത്തിൽ വന്ന പരസ്യത്തിൽ കെ.എഫ്.സി ചിക്കന് 10 പീസിന് നാനൂറ് രൂപ. പരസ്യം കണ്ട് ചിക്കൻ വാങ്ങാനെത്തിയ രമ ജോർജിനോട് 656 രൂപ ഈടാക്കി എന്നാണ് പരാതി. 2016 ഡിസംബറിലാണ് സംഭവം.

കോട്ടയം കഞ്ഞിക്കുഴിയിലെ കെഎഫ്സി ചിക്കൻ സെൻററിൻ്റെ പേരിൽ ഒന്നാം പേജിൽ വന്ന പരസ്യം ഇങ്ങനെ…

“ബുധനാഴ്ചകളിൽ 10 പീസ് ചിക്കന് 400 രൂപ “. പരസ്യം കണ്ട് ചിക്കൻ വാങ്ങാനെത്തിയ ഹർജിക്കാരി രമാ ജോർജ് 10 പീസ് ചിക്കൻ വാങ്ങിയപ്പോൾ കെ.എഫ് സി 656 രൂപ ഈടാക്കുകയായിരുന്നു. പരസ്യത്തിൽ പറഞ്ഞത് നികുതി കൂടാതെയുള്ള തുകയാണ് എന്നായിരുന്നു കെ.എഫ്.സിയുടെ വാദം. , അന്നേ ദിവസം wednesday special &649 എന്ന ഒരു ഓഫർ ഉണ്ടായിരുന്നു എന്നും തർക്കം ഉന്നയിച്ചെങ്കിലും തെളിവ് ഹാജരാക്കാൻ കെ എഫ് സി ക്ക് സാധിച്ചില്ല.

ബില്ലിൽ 10 പീസ് ചിക്കന് 539 രൂപയും ക്യാരി ബാഗിന് 5 രൂപയും ഉൾപ്പടെ 544 രൂപയും നികുതി ചേർത്ത് 656 രൂപ ഈടാക്കി എന്ന് ഫോറം വിലയിരുത്തി. പരസ്യങ്ങളിൽ ആകർഷകമായ രീതിയിൽ ഉപഭോക്താവിനെ വലയിലാക്കുന്ന വിധം വില പ്രസിദ്ധീകരിച്ചതിനുശേഷം അതേ പരസ്യത്തിൽ ചെറിയ അക്ഷരത്തിലോ മറ്റു രീതിയിലോ സാധാരണ ഉപഭോക്താവിൻ്റെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ നികുതിയോ മറ്റു ചാർജുകളോ ബാധകമാണ് എന്ന് പറയുന്നത് അനുചിത വ്യാപാരനയം ആണെന്നും ആവിധത്തലുളള യാതൊരു തുകയും നൽകുന്നതിന് ഉപഭോക്താവ് ബാധ്യസ്ഥനല്ല എന്നും ഫോറം വിലയിരുത്തി.
തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും കബളിപ്പിക്കുന്നതുമായ പരസ്യങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകേണ്ടതുണ്ട് എന്നും ഫോറം വിലയിരുത്തി. സേവനദാതാക്കളും വ്യാപാരികളും നൽകുന്ന പരസ്യങ്ങൾ വസ്തുതാപരവും സത്യസന്ധവുമായിരിക്കണം എന്നും ഫോറം നിരീക്ഷിച്ചു.


തെറ്റിദ്ധാരണാജനകമായ രീതിയിൽ ഭാവിയിൽ പരസ്യങ്ങൾ നൽകരുതെന്ന് കെ.എഫ് സി ക്ക് താക്കീത് നൽകി. രമാ ജോർജിൽ നിന്നും അധികമായി വാങ്ങിയ 256 രൂപ 8_2_2017 മുതൽ 9% പലിശയടക്കവും ഹർജിക്കാരിക്ക് ഉണ്ടായ മനക്ളേശത്തിന് 5000 രൂപയും കോടതി ചിലവായി 2000 രൂപയും കെ.എഫ് സി ഉടമസ്ഥർ രമാ ജോർജിന് നൽകണമെന്ന് വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം.ആൻ്റോ എന്നിവർ മെംബർമാരുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ് ഇട്ടു. രമ ജോർജിനു വേണ്ടി അഡ്വ: എം.കെ നിഥിൻ ഹാജരായി.

സാധാരണക്കാരുടെ കോടതിയായ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ആഗോള ബ്രാൻഡിനെതിരെ വിധി പുറപ്പെടുവിപ്പിച്ചത് ചരിത്രത്തിലാദ്യമാണ്.