തിരുവനന്തപുരം: ബൈക്കപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ഫാദര്‍ കെ.ജി വര്‍ഗീസിനു കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ഡോക്ടര്‍മാരെ നിരീക്ഷണത്തില്‍ വിട്ടു. ഡോക്ടര്‍മാര്‍ കൂടാതെ 13 ജീവനക്കാരും നിരീക്ഷണത്തില്‍ ഉണ്ട്. വ്യാപനം കണക്കിലെടുത്ത് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചു.
വൈദികനുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന മെഡിക്കല്‍ കോളേജിലെ പത്ത് ഡോക്ടര്‍മാരും പേരൂര്‍ക്കട ആശുപത്രിയിലെ ഒന്‍പത് ഡോക്ടര്‍മാരുമാണ് നിരീക്ഷണത്തില്‍ പോയത്. ബൈക്കപകടത്തില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റ വൈദികന് ഒന്നര മാസത്തോളമായി മെഡിക്കല്‍ കോളേജിലും പേരൂര്‍ക്കട ആശുപത്രിയിലുമായി ചികിത്സിലായിരുന്നു.
അതേസമയം വൈദികന് എവിടെ നിന്നാണ് കൊറോണ ബാധിച്ചതെന്ന് കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ നിന്നും രോഗം പകര്‍ന്നെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
ഏപ്രില്‍ 20 നാണ് ഇദ്ദേഹത്തെ ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഭേദമായ ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ വെച്ച് ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് 30ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം വരുന്നതിന് മുമ്പ് മരണം സംഭവിച്ചു.
ഇക്കാലയളവിൽ ആശുപത്രി ജീവനക്കാരും വൈദികന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് ഇദ്ദേഹത്തെ സന്ദർശിച്ചത്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്ന് പുറത്ത് പോകാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ നിന്ന് തന്നെയാകാം രോഗം ബാധിച്ചതെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഡോക്ടർമാർ നിരീക്ഷണത്തിൽ പോയത്. പേരൂർക്കട ആശുപത്രിയിൽ അടച്ച വാർഡുകൾ അണുവിമുക്തമാക്കിയതിനുശേഷമെ തുറക്കുകയുള്ളൂ. വൈദികന്റെ സമ്പര്‍ക്കപ്പട്ടിക ഇതുവരെ തയ്യാറാക്കാനായിട്ടില്ല.