ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി രാഹുൽ

വയനാട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് അതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സഹായിക്കാമെന്ന് വയനാട് എംപിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും വയനാട് കളക്ടർക്കും രാഹുൽ കത്ത് നൽകി.

കൊറോണ ഭീതി മൂലം വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നലെ ആരംഭിച്ചിരുന്നു.  എന്നാൽ ജില്ലയിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഇല്ലെന്ന് വ്യക്തമാക്കിയുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി രാഹുൽ ഗാന്ധിരംഗത്ത എത്തിയത്.

വയനാട് ജില്ലയിലെ 700 കോളനികളിൽ വൈദ്യുതി ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്നാണ് ട്രൈബൽ വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനത്തിന് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കുന്നുമില്ല. ഒരാഴ്ചക്കുള്ളിൽ പരമാവധി സ്ഥലങ്ങളിൽ ബദൽ സംവിധാനം ഒരുക്കാൻ വിവിധ വകുപ്പുകൾ ശ്രമം തുടങ്ങി. കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനുവേണ്ട ഡിജിറ്റൽ സാമഗ്രികൾ രാഹുൽ ഗാന്ധി എത്തിച്ചുകൊടുക്കും എന്നാണ് റിപോർട്ടുകൾ. ഇതിനാവശ്യമായ സാമഗ്രികളുടെ വിവരങ്ങൾക്കായിയാണ് മുഖ്യമന്ത്രിക്കും കലക്ടർക്കും രാഹുൽ ഗാന്ധി കത്തയച്ചത് .