മലപ്പുറം: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്നുള്ള മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽവീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയാണ് ആത്മഹത്യാ ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തതിനാൽ
മകള്‍ ദേവികക്ക് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതിലുള്ള വിഷമം മകള്‍ പങ്കുവെച്ചിരുന്നെന്നും ഇതിന് പിന്നാലെയാണ് തീകൊളത്തി മരിച്ചതെന്നുമാണ് കുടുംബം പറയുന്നത്.
ദേവികയുടെ മൃതദേഹത്തിനു സമീപം മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച മൃതദേഹപരിശോധനയ്ക്കുശേഷം തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകും.
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ദേവിക പഠിക്കുന്നത്