കേരള രഞ്ജി ടീമിന്റെ പരിശീലകനായി ടിനു യോഹന്നാനെ നിയമിച്ചു

കൊച്ചി: കേരള രഞ്ജി ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ നിയമിച്ചു. വിഖ്യാത പരിശീലകൻ ഡേവ് വാട്മോറിന്റെ പിൻഗാമിയായാണ് നാൽപ്പത്തൊന്നുകാരനായ ടിനു കേരള രഞ്ജി ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.

കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാകാനുള്ള പരിഗണനാ പട്ടികയിൽ ശ്രീലങ്കയുടെ മുൻ അന്താരാഷ്ട്ര താരം അശാങ്ക ഗുരുസിംഗയെ പിന്തള്ളിയാണ് ടിനു സ്ഥാനമുറപ്പിച്ചത്.
1985 മുതൽ 1996 വരെ ശ്രീലങ്കൻ ടീമിന്റെ പ്രധാന ബാറ്റ്സ്മാനായിരുന്ന ഗുരുസിംഗ കേരള കോച്ചാകാൻ താത്പര്യമറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) അപേക്ഷ അയച്ചിരുന്നു. രഞ്ജിയിൽ ആന്ധ്രയുടെ കോച്ചായിരുന്ന മുൻ കേരള താരം ജി. ജയകുമാറും താത്പര്യമറിയിച്ചു.

കേരളത്തിൽനിന്നുതന്നെയുള്ള ഒരാളെ പരിശീലകനാക്കാമെന്ന അഭിപ്രായവും ശക്തമായതോടെയാണ് ടിനു സ്ഥാനമുറപ്പിച്ചത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്ന ബിജു ജോർജിന്റെ പേരും സജീവമായി ഉയർന്നു വന്നിരുന്നു.

1996 ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന ഡേവ് വാട്മോറായിരുന്നു കഴിഞ്ഞ സീസണുകളിൽ കേരളത്തിന്റെ കോച്ച്. 2018-19 സീസണിൽ കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിലെത്തിച്ച വാട്മോർ, ഇക്കഴിഞ്ഞ സീസണിൽ വലിയ നേട്ടമുണ്ടാക്കാനാകാതെ ടീം വിട്ടു. വാട്മോറിനോളം തലയെടുപ്പുള്ള മറ്റൊരാളെ വീണ്ടും കണ്ടെത്തുക എളുപ്പമല്ല.

പ്രീ സീസൺ മത്സരങ്ങൾ തുടങ്ങേണ്ട സമയമായെങ്കിലും ആഭ്യന്തര കലണ്ടർ ഇതുവരെ വന്നിട്ടില്ല. മത്സരങ്ങളുടെ കാലയളവ് കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതിഫലം നൽകി പുറത്തുനിന്ന് കോച്ചുമാരെ കൊണ്ടുവരേണ്ടെന്ന അഭിപ്രായം ശക്തമാണ്.

രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ആദ്യ കേരള താരമെന്ന റെക്കോർഡ് ടിനുവിനു സ്വന്തമാണ്. നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിൽ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് കെസിഎ ആലപ്പുഴയിൽ ആരംഭിച്ച ഹൈ പെർഫോമൻസ് സെന്ററിന്റെ (എച്ച്പിസി) പ്രഥമ ഡയറക്ടറാണ്. ലോങ്ജംപിൽ ഏഷ്യൻ റെക്കോർഡുകാരനായിരുന്ന ഒളിംപ്യൻ ടി.സി. യോഹന്നാൻ പിതാവാണ്.

ആഭ്യന്തരസീസണിൽ കേരള ക്രിക്കറ്റ് ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനം നടത്തിയതിനു പിന്നാലെയാണ് വിഖ്യാത കോച്ച് ഡേവ് വാട്മോർ പരിശീലക സ്ഥാനമൊഴിഞ്ഞത്. കേരള ക്രിക്കറ്റ് ടീമിനെ ജയിക്കാൻ പഠിപ്പിക്കുകയും ചരിത്രനേട്ടങ്ങളിലെത്തിക്കുകയും ചെയ്ത ശേഷമാണ് ഓസ്ട്രേലിയക്കാരൻ വാട്മോർ പടിയിറങ്ങിയത്. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോർ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി. വമ്പൻമാരെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ കുതിപ്പ്.

എന്നാൽ കഴിഞ്ഞ സീസണിൽ കേരളത്തിന്റെ മോശം പ്രകടനം വാട്മോറിനു തിരിച്ചടിയായി. എട്ടു കളികളിൽ ഒരു ജയവും രണ്ടു സമനിലയും 5 തോൽവികളുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ നിന്ന് സിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇതോടെയാണ് പരിശീലകനായി തുടരേണ്ടതില്ലെന്ന് വാട്മോർ തീരുമാനിച്ചത്.