കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് ലാത്തി വീശി ഓടിച്ചു

കൊല്ലം: ബംഗാളിലേക്ക് പോകാന്‍ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകര ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് ബോട്ടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്. റോഡിലിറങ്ങി പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് ലാത്തി വീശി ഓടിച്ചു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലവില്‍ ഇവര്‍ക്ക് ജോലി ഇല്ലാത്ത സാഹചര്യമാണ്. ഒന്‍പതാം തീയതിയോടെ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ അടുത്തെങ്ങും ജോലികിട്ടാനുള്ള സാഹചര്യവുമില്ല. ഇതോടെയാണ്‌ നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട്‌ തോപ്പില്‍കടവ് ഭാഗത്ത് ഇവര്‍ പ്രതിഷേധവുമായി എത്തിയത്.

ഭക്ഷണം ഇല്ലെന്നും നാട്ടിൽ പോകാൻ ട്രെയിൻ സൗകര്യം വേണമെന്നുമായിരുന്നു തൊഴിലാലികളുടെ ആവശ്യം. സ്ഥലത്തെത്തിയ പൊലീസ് താമസ സ്ഥലത്തേക്ക് മടങ്ങിപ്പോകണമെന്ന്‌ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നു.

ആദ്യം കളക്ട്രേറ്റിന് മുന്നിലേക്ക് എത്തിയ ഇവർ പൊലീസിനെ കണ്ട് പിരിഞ്ഞുപോയി. പിന്നീട് തോപ്പില്‍കടവ് ഭാഗത്ത് പ്രതിഷേധിക്കുകയായിരുന്നു. നേരത്തെ പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിന്‍ കേരളത്തിൽ നിന്നും പോയിരുന്നു. എന്നാല്‍ ഇതിൽ പോകാൻ കഴിയാതിരുന്ന ബാക്കിയുള്ളവര്‍ക്ക് പോകാന്‍ ട്രെയിന്‍ ലഭിച്ചിരുന്നില്ല.