വിക്ടേഴ്സ് ചാനൽ ഡിടിഎച്ചുകളിലില്ല; വിദ്യാർഥികളുടെ ഓൺലൈൻ പഠനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനുളള തയ്യാറെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ പുതിയ പ്രതിസന്ധി. സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസ ചാനലായ കെെറ്റ് വിക്ടേഴ്സ് വഴിയാണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സംവിധാനത്തിൽ ഈ ചാനൽ ലഭിക്കുന്നില്ല. നിലവിൽ വീഡിയോകോൺ ഡിടുഎച്ചിലും ഡിഷ് ടിവിയിലും മാത്രമാണ് വിക്ടേഴ്സ് ചാനൽ ലഭിക്കുന്നത്.

നാളെ മുതൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ വിവിധ സമയങ്ങളിലായി ഒന്നുമുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിക്കുകയാണ്.

അതേ സമയം കേരളത്തിലെ ഭൂരിപക്ഷം ടിവി പ്രേക്ഷകരും സൺ നെറ്റ് വർക്കിൻ്റെ കീഴിലുള്ള സൺ ഡിടിഎച്ചാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ ചാനൽ ലഭ്യമാക്കുന്നതിന് യാതൊരു നടപടിയും ഇവർ കൈക്കൊണ്ടിട്ടില്ല. ക്ലാസുകൾ നാളെ ആരംഭിക്കാനിരിക്കെ രക്ഷിതാക്കൾ ഇൻറർനെറ്റ് സംവിധാനങ്ങളെ ആ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. മുൻനിര ഡിടിഎച്ച് കമ്പനികൾക്ക് ജൂൺ ഒന്നിനു മുൻപ് ചാനൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാർച്ച് മാസത്തിൽ തന്നെ സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. മാത്രമല്ല ഇത്തരത്തില്‍ നിര്‍ദേശം ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടും ഡിടിഎച്ച് കമ്പനികൾ ഇതുവരെയും ചാനൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ടില്ല.
ടിവി വഴി ചാനൽ ലഭിക്കുന്നില്ലെങ്കിൽ മൊബൈൽ ഫോൺ മാത്രമാണ് സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയം.

പല രക്ഷകർത്താക്കളും പകൽ സമയങ്ങളിൽ ജോലിക്കോ മറ്റോ വീടിനു പുറത്തു പോകുന്നവരായിരിക്കും. അങ്ങനെയുള്ള കുട്ടികൾക്ക് രക്ഷകർത്താക്കളും മടങ്ങി വരുന്നതുവരെ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയില്ല. ഈ ഒരു ഈ സാഹചര്യത്തിൽ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്തിലാകുന്നത്.

വിക്ടേഴ്സ് ചാനൽ ലഭ്യമാകാത്തത് ഡിടിഎച്ച് കമ്പനികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നു കഴിഞ്ഞു. വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തി വീട്ടിൽ ഉപയോഗിക്കുന്ന ഡിടിഎച്ച്- കേബിൾ സംവിധാനങ്ങളിലെല്ലാം വിക്ടേഴ്സ് ചാനലിലെ ലഭ്യമാക്കണമെന്നാണ് രക്ഷകർത്താക്കൾ ആവശ്യപ്പെടുന്നത്. അതിന് അവർ തയ്യാറല്ലെങ്കിൽ സൺ ഡയറക്ട് പോലുള്ള മുൻനിര ഡിടിഎച്ച് കമ്പനികളെ ഒഴിവാക്കി വിക്ടേഴ്സ് ചാനൽ ലഭിക്കുന്ന മറ്റു ഡിടിഎച്ചുകളിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് രക്ഷകർത്താക്കൾ.

അതേ സമയം ഓൺലൈൻ പഠനത്തിനുളള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്‌സ് ചാനൽ സിഇഒ കെ അൻവർ സാദത്ത്. ടിവിയോ സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കും. അത്തരം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാവില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ആഘോഷലഹരികളില്ലാതെയാണ് നാളെ സംസ്ഥാനത്ത് അധ്യയന വർഷം ആരംഭിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടക്കുക. പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യ ആഴ്ചത്തെ ക്ലാസുകൾ. ഈ ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും സംപ്രേഷണം ചെയ്യും.

രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവർക്ക്, ക്ലാസ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ച വിലയിരുത്തിയ ശേഷം വേണ്ടി വന്നാൽ മാറ്റങ്ങളോടെ പദ്ധതി പരിഷ്‌കരിക്കുമെന്നും വിക്ടേഴ്‌സ് ചാനൽ അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിൽ ഡിടിഎച്ച് സജീവ വരിക്കാരുടെ എണ്ണം 69.30 ദശലക്ഷമാണെന്നാണ് പുതിയ കണക്കുകൾ. ജൂണിൽ 68.92 ദശലക്ഷം വരിക്കാരാണുണ്ടായിരുന്നത്.

2003 മുതൽ ഇന്ത്യയിൽ ഡിടിഎച്ച് സേവനം ആരംഭിച്ചതു മുതൽ മികച്ച വളർച്ചയാണ് ഈ മേഖല കൈവരിച്ചിരിക്കുന്നതെന്നാണു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിപണിയിൽ 31.61 ശതമാനം ഓഹരിയുള്ള ടാറ്റ സ്കൈ ഡിടിഎച്ചിനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 31.23 ശതമാനവുമായി ഡിഷ് ടിവി രണ്ടാം സ്ഥാനത്തും. 23.39 ശതമാനം വിപണി വിഹിതവുമായി എയർടെൽ മൂന്നാമതാണ്. സൺ ഡയറക്റ്റിന് 13.78 ശതമാനം വരിക്കാരാണുള്ളത്.

കേബിൾ ടിവി മേഖലയെ സംബന്ധിച്ചിടത്തോളം 2019 സെപ്റ്റംബർ 30ലെ കണക്കുകൾ അനുസരിച്ച് സിറ്റി നെറ്റ്‌വർക്കിനാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 9.1 ദശലക്ഷം വരിക്കാരാണ് ഇവർക്കുള്ളത്. ജിടിപിഎൽ ഹാത്ത്‌വേ, ഹാത്ത്‌വേ ഡിജിറ്റൽ എന്നിവയ്ക്ക് യഥാക്രമം 5.34 ദശലക്ഷവും 5.31 ദശലക്ഷം വരിക്കാരുമുണ്ട്. ഡെൻ നെറ്റ്‌വർക്കിന് 4.3 ദശലക്ഷം വരിക്കാരുമാണുള്ളത്.