മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഷോറൂമില്‍ നിന്ന് കത്തിയും മടവാളും ചിരവയും പണം നല്‍കി വാങ്ങി ; ജേക്കബ് തോമസ് പടിയിറങ്ങി

പാലക്കാട്: മെറ്റല്‍ ഇന്‍ഡസ്ട്രീസ് കമ്പനി ഷോറൂമില്‍ നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം നല്‍കി വാങ്ങി ജേക്കബ് തോമസ് മടങ്ങി.
ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം ഓഫിസ് മുറിയില്‍ കിടന്നുറങ്ങിയതിന് പിന്നാലെയാണ് ജേക്കബ് തോമസ് കമ്പനിയിൽ നിന്നും സാധനങ്ങൾ വാങ്ങിയത്.
വിരമിക്കല്‍ ദിനത്തിലും വിവാദം അവസാനിപ്പിക്കാതെയാണ് ഐപിഎസ് ഓഫിസര്‍ ഡോ. ജേക്കബ് തോമസ് പിടയിറങ്ങിയത്.

ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിരിക്കെയാണ് ജേക്കബ് തോമസ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയെത്തിയ ജേക്കബ് തോമസ് തൊഴിലാളികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. വിരമിക്കല്‍ ചടങ്ങോ യാത്രയയപ്പോ സംഘടിപ്പിച്ചില്ല.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. പിന്നീട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി വാങ്ങിയെത്തിയ അദ്ദേഹത്തെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയാക്കി നിയമിച്ചു. തന്നെ ഒതുക്കിയതാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത കത്തി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ജേക്കബ് തോമസ്, പിന്നീട് പരശുരാമന്റെ മഴു നിര്‍മിച്ച് ശ്രദ്ധാകേന്ദ്രമായി.

സര്‍വീസിലിരിക്കെ അനുമതിയില്ലാതെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകമെഴുതിയതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. പടിയിറങ്ങുന്ന അന്നുതന്നെ ജേക്കബ് തോമസിനെതിരെയുള്ള കേസില്‍ മുന്നോട്ടുപോകാമെന്ന ഹൈക്കോടതി വിധിയും പുറത്തുവന്നു. തമിഴ്‌നാട്ടിലെ രാജാപാളയത്ത് അനധികൃതമായി ഭൂമി വാങ്ങിയ കേസാണ് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.