ബെവ് ക്യൂ ആപ് പോരായ്മകൾ പരിഹരിച്ചെന്ന്; മേയ് 31, ജൂൺ ഒന്ന് മദ്യ അവധി

തിരുവനന്തപുരം: മേയ് 31, ജൂൺ ഒന്ന് (ഡ്രൈ ഡേ) തീയതികളിൽ മദ്യശാലകൾക്ക് അവധി. ജൂൺ രണ്ടു മുതൽ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂർണമായ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ബവ്‌കോ എംഡി അറിയിച്ചു.

വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സംസ്ഥാന ബവ്റിജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ് വഴി ടോക്കൺ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് 6.30 മുതൽ ബവ് ക്യൂ ആപ് വഴി 30 ലേക്കുള്ള ടോക്കണുകൾ ലഭിക്കും.

ഒരു ദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കൾക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക.