വീണ്ടും ബെവ്‌ ക്യു ആപ്പിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ; സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത മദ്യവില്പനക്കായി തുടങ്ങിയ ബെവ് ക്യു ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ആപ്പ് പിൻവലിക്കൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷണൻ.

ബെവ്‌ ക്യു ആപ്പിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ എക്സൈസ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ്പ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ആപ്പ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നുമാണ് എക്‌സെെസ് വകുപ്പ് തീരുമാനിച്ചത്.

എക്സൈസ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആപ്പ് നിർമാണ കമ്പനിയുടെ പ്രതിനിധികളും ഐ.ടി. സെക്രട്ടറി അടക്കമുള്ളവരും പങ്കെടുത്തിരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന കമ്പനിയുടെ ഉറപ്പിന്മേലാണ് തൽക്കാലം ബെവ്ക്യു ആപ്പ് പിൻവലിക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

അതേസമയം ആപ്പ് പ്രവർത്തന രഹിതമായതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ബാറുകളിൽ ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകിയിരുന്നു ഇത്തരം ബാറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായമായവരടക്കം ഇത്തരം ബാറുകളിൽ മദ്യം വാങ്ങാൻ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തിരക്കുകൾ കാരണം പല ബാറുകളിലും പോലീസ് എത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.