കേരളത്തില്‍ പതിനഞ്ചു ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധ: മന്ത്രി ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പതിനഞ്ചു ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് ആശ്വാസകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ അടുത്ത തരംഗമാണ് സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്നത്. നേരത്തെയുണ്ടായ ഘട്ടങ്ങളില്‍ ലോകമാകെ ഉറ്റുനോക്കിയ നേട്ടമാണ് സംസ്ഥാനം ഉണ്ടാക്കിയത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതും മരണ സംഖ്യ കുറയ്ക്കാനായതും നേട്ടമാണ്. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വന്നു തുടങ്ങിയതോടെ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. ഇതു പ്രതീക്ഷിച്ചതാണ്. എന്നാല്‍ പതിനഞ്ചു ശതമാനമാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നതായി കണ്ടിട്ടുള്ളത്. .അത് ആശ്വാസകരമാണ്. ആദ്യഘട്ടത്തില്‍ മുപ്പതു ശതമാനം കേസുകള്‍ സമ്പര്‍ക്കത്തിലൂടെ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ധാരാളം പേര്‍ സംസ്ഥാനത്ത എത്താന്‍ തുടങ്ങി. അവരെ തടയാന്‍ ആവില്ല. അവര്‍ കേരളത്തിന്റെ അവകാശികളാണ്. രോഗാവസ്ഥ മൂര്‍ധന്യത്തില്‍ എത്തിയിട്ടുള്ള സ്ഥലങ്ങളില്‍നിന്നാണ് പലരും വരുന്നത്. രാജ്യത്തിന് അകത്തു തന്നെ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷമായിട്ടുണ്ട്. അവിടെനിന്നും ആളുകള്‍വരുന്നുണ്ട്.

പോസിറ്റിവ് കേസുകള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നില്ല. എന്നാല്‍ പലരും അവശനിലയിലാണ് വരുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എല്ലാ സന്നാഹങ്ങളും ഒരുക്കി എല്ലാവരെയും രക്ഷിക്കാനാണ് നോക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ കൊറോണ സാമൂഹ്യ വ്യാപനം നടന്നിട്ടില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള തീവ്രമായ ശ്രമാണ് നടന്നത്. കേരളത്തില്‍ എവിടെയും പെരിഫറല്‍ ന്യൂമോണിയ കേസുകള്‍ കൂടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ നിരന്തരം പരിശോധിക്കുന്നുണ്ട്.

പോസിറ്റിവ് ആണെന്നു നേരിയ സംശയം ഉള്ള കേസുകള്‍ പോലും അഡ്മിറ്റ് ചെയ്യുകയാണ്. വീണ്ടും പരിശോധന നടത്തും. അങ്ങനെ പരിശോധനയില്‍ നെഗറ്റിവ് ആയവരുമുണ്ട്. പ്രതിദിനം മൂവായിരം പരിശോധനകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. പത്തു ലക്ഷത്തിലെ പോസ്റ്റിവ് കേസുകളുടെ എണ്ണം വച്ചു നോക്കിയാണ് ശാസ്ത്രീയമായി ടെസ്റ്റുകളുടെ എണ്ണം കണക്കാക്കുന്നത്. പത്തുലക്ഷത്തിലെ കേസുകള്‍ വച്ചു നോക്കുമ്പോള്‍ 65 ഇരട്ടിയാണ് കേരളത്തിലെ പരിശോധനകളുടെ എണ്ണം. പരിശോധനയില്‍ കേരളം പിന്നിലല്ല. അത്തരം ആരോപണം ശരിയല്ലെന്ന് മന്ത്രി വിശദീകരിച്ചു.

ആളുകളുടെ എണ്ണം കുടുമ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ മികച്ച ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാവില്ല. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളത്. കഴിയുംവിധമെല്ലാം മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. കേരളം വലിയ സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനമല്ല. ചികിത്സയും പരിശോധനയുമെല്ലാം വലിയ ചെലവു വരുന്ന കാര്യങ്ങളാണ്. എന്നാല്‍ ചികിത്സ സൗജന്യമായി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്വാറന്റൈന് കഴിവുള്ളവര്‍ പണം നല്‍കണമെന്നാണ് പറയുന്നത് ശൈലജ പറഞ്ഞു.