കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്ലെറ്റിനെതിരേ പ്രതിഷേധ സമരം; കൊടിക്കുന്നിൽ അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ ബിവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറന്നു, പ്രതിഷേധം ശക്തം. യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധ പരിപാടികളുമായി രംഗത്ത്. ഇന്ന് രാവിലെ ഒമ്പതിന് ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങിയതോടെയാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്. നേരത്തെ ഇരു സംഘടനകളും സമരം നടത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു.

ഇന്ന് രാവിലെ കോൺഗ്രസ് ആദ്യം നിൽപ്പ് സമരവും പിന്നീട് കുത്തിയിരിപ്പും നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പിന്നീട് പൊലീസെത്തി എം.പിയെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തുനീക്കി. തുടർന്നാണ് ബി.ജെ.പിയുടെ പ്രതിഷേധം തുടങ്ങിയത്. നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം പൊലീസുമായി ഉന്തും തള്ളിലുമെത്തി. അവരെയും അറസ്റ്റ് ചെയ്ത് നീക്കി.

ട്രാൻ. ബസ് സ്റ്റാൻഡിന്റെയും സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും ഇടയിലെ എപ്പോഴും തിരക്കുള്ള ഭാഗത്താണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന ശാല പ്രവർത്തിക്കുന്നത്.
പത്തിലധികം വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ സംഘടനകളും പി.ഐഷാപോറ്റി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഔട്ട്ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഒന്നേകാൽ ലക്ഷം രൂപ വാടക ഉള്ള കെട്ടിടത്തിലാണ് മദ്യവിൽപ്പന ശാല പ്രവർത്തിക്കുന്നത്. വാടകയിൽ ഒരു പങ്ക് ഭരണകക്ഷിയിലെ ചില പ്രമുഖർക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. അവരാണ് ഇവിടെ നിന്നും മാറ്റാതിരിക്കാൻ ചരടുവലികൾ നടത്തിയത്. മദ്യ വിൽപ്പന ശാല ഇവിടെ നിന്നും മാറ്റിയില്ലെങ്കിൽ വീണ്ടും പ്രതിഷേധം ശക്തമാകുമെന്നാണ് വിവിധ സംഘടനകൾ അറിയിച്ചത്.