കൊറോണ മുക്തി നേടിയ ആലപ്പുഴ സ്വദേശിനി പെണ്‍കുട്ടിക്ക് ജന്‍മം നല്‍കി

മലപ്പുറം; കൊറോണയിൽ നിന്നും രോ​ഗമുക്തി നേടിയ യുവതി പെണ്‍കുട്ടിക്ക് ജന്‍മം നല്‍കി. ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സിയാണ് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാ​ഗത്തിൽ ഇന്ന് രാവിലെ പത്തോടെയാണ് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.

വര്‍ഷങ്ങളായി കുവൈറ്റില്‍ സ്റ്റാഫ് നഴ്‌സായ ജിന്‍സി ഐഎക്സ് – 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 13ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

മെയ് 20, 21 തിയ്യതികളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ നെഗറ്റീവായതിനെ തുടര്‍ന്ന് ഇവരെ സ്റ്റെപ്ഡൗണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. യുവതി ജന്‍മം നല്‍കിയ കുട്ടിക്ക് 2.7 കിലോഗ്രാമാണ് തൂക്കം.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ്, ഹെഡ് നഴ്‌സ് മിനി കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് ശസ്ത്രക്രിയ നടത്തിയത്.