നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊറോണ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്ന് അടിപിടി കേസില്‍ ഈ മാസം 26 ന് റിമാന്‍ഡിലായവരാണ് പ്രതികള്‍. ഈമാസം 22 ന് റിമാൻഡ് ചെയ്ത ഒരു പ്രതിക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 30 പൊലീസുകാര്‍ നിരീക്ഷണത്തിലാണ്.

അതേസമയം അബ്കാരി കേസിലെ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലും അടുത്തുള്ള പ്രദേശമായ വാമനപുരത്തും രണ്ട് കൊറോണ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. വാമനപുരം ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.
രണ്ടുപേരും ക്രിമിനൽകേസിലെ പ്രതികളാണ്.

ആദ്യം കൊറോണ സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയായ ദേവസ്വംബോർഡ് ജീവനക്കാരനുമായി ഇവർക്ക് ബന്ധമില്ല. ദേവസ്വം ജീവനക്കാരനോടൊപ്പം കാറിൽ സഞ്ചരിച്ച രണ്ടുപേരുടെയും ഫലം നെഗറ്റീവാണ്. മൂന്നുപേർക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. സമൂഹ വ്യാപന സാധ്യതയിലേക്കാണ് അധികൃതർ വിരൽചൂണ്ടുന്നത്.

വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വാറ്റ് ചാരായ വില്‍പനയും ഉണ്ടായിരുന്നു. 25ന് റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാൾക്ക് രോഗം പകർന്നതെങ്ങനെയെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല.