വയനാട്ടിൽ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും ഒരേ വീട്ടിലെ അംഗങ്ങള്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും ഒരേ വീട്ടിലെ അംഗങ്ങള്‍. ‌രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ പുരുഷന്മാര്‍ക്കും 50കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞ 24 നാണ് ഇവര്‍ മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിലെത്തിയത്. അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതേസമയം, ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നതിന് ശേഷമാണ് ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ ഉള്‍പ്പെടെ 15 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച 196 പേര്‍ പുതുതായി നിരീക്ഷണത്തിലായി. നിലവില്‍ 3807 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 328 ആളുകള്‍ ഉള്‍പ്പെടെ 1634 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 144 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.