തിരുവനന്തപുരം : ക്വാറന്റീൻ ചെലവ് താങ്ങാൻ കഴിയുന്ന പ്രവാസികളിൽ നിന്നു മാത്രമേ പണം ഈടാക്കുകയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .
പ്രവാസികളുടെ ക്വാറന്റീൻ ചെലവ് അവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം മൂലം പാവപ്പെട്ടവർക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ല. വിമാനം ചാർട്ടർ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ ക്വാറന്റീൻ ചെലവ് അവരിൽനിന്ന് തന്നെ ഈടാക്കാനുള്ള സർക്കാർ തീരുമാനം ചില തെറ്റിദ്ധാരണകൾക്കിടയാക്കിയിട്ടുണ്ട്. സർവകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ആശങ്കയുടെയും ആവശ്യമില്ല. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീൻ ചെലവ് താങ്ങാൻ കഴിയുന്നവരുണ്ട്. അവരിൽനിന്ന് അത് ഈടാക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാത്തതുകൊണ്ടാണ് ചാർട്ടർ ചെയ്ത വിമാനത്തിൽ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.