മദ്യവിൽപ്പന നാളെ മുതൽ തുടങ്ങാൻ തീരുമാനം

തിരുവനന്തപുരം∙ മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സർക്കാർ തീരുമാനം.

സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ഇന്നു ലഭ്യമാക്കും. ട്രയൽ ആരംഭിച്ചു. ആപ് ഉപയോഗ രീതി സംബന്ധിച്ചു മാർഗനിർദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വിഡിയോയും തയാറാക്കുന്നുണ്ട്. ആപ്പിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് അവർ തിരഞ്ഞെടുത്ത ബാറിലോ ബവ്കോ വിൽപന കേന്ദ്രത്തിലോ ടോക്കണിൽ പറയുന്ന സമയത്തു പോയി മദ്യം വാങ്ങാം.