ഡോ. ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കുന്ന ഒഴിവിൽ ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും. 

സംസ്ഥാനത്തുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ബിശ്വാസ് മേത്ത. ഇദ്ദേഹം രാജസ്ഥാൻ സ്വദേശിയാണ്.
പി കെ മൊഹന്തിക്കു ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമായാണ്. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്.

സംസ്ഥാന ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ അഭ്യന്തര-വിജിലൻസ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. ഡോ.വി.വേണുവിനെ ആസൂത്രണബോർഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടർ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാർഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.