പ്രവാസികളെ കൊറോണ വ്യാപനത്തിന്റെ വാഹകരായി കേരളമന്ത്രിമാർ ചിത്രീകരിക്കുന്നു : കേന്ദ്രമന്ത്രി മുരളീധരൻ

തിരുവനന്തപുരം : പ്രവാസികളെ കൊറോണ വ്യാപനത്തിൻ്റെ സമൂഹ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രവാസികളുടെ കയ്യിൽ നിന്നും ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്നാണ് സംസ്ഥാന സർക്കാരിലെ ചിലർ പറയുന്നത്. കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറഞ്ഞത് പണം വാങ്ങിയുള്ള ക്വാറന്റീൻ ആകാം എന്നാണ്. എന്നാൽ പണമില്ലാത്തവരിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് മുരളീധരൻ പറയുന്നത്.

കേരളത്തില്‍ കൊറോണ കേസുകള്‍ കുറച്ചു കാണിക്കാൻ പരിശോധനകൾ കുറച്ച് മാത്രമേ നടത്തുന്നുള്ളൂയെന്നും കള്ളക്കണക്കുണ്ടാക്കുന്നതിൽ കേരളത്തിന് ഒന്നാം സ്ഥാനമാണെന്നും രോഗ പരിശോധനയിൽ 26ാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കരുത്. സമൂഹവ്യാപനം കണ്ടെത്താനുള്ള ഐ.സി.എം.ആര്‍ നിർദേശങ്ങൾ എന്തുകൊണ്ട് സംസ്ഥാനം പിന്തുടരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസികളെ തിരികെ എത്തിക്കാൻ സംസ്ഥാനം ഉൽസാഹിക്കുന്നില്ലെന്നു മുരളീധരന്‍ കുറ്റപ്പെടുത്തി.