കൊറോണ ഭീതിക്കിടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ഭീതി വർധിക്കുന്നതിനിടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നു പുനരാരംഭിക്കും. അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷയെന്ന് സർക്കാർ പറയുന്നു. ഏതാനും മണിക്കൂറകൾക്കകം പരീക്ഷകൾ ആരംഭിക്കും.

ലോക്ക്ഡൗൺ തീരുംമുൻപേ പരീക്ഷകൾ നടത്തുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. മാർഗനിർദേശങ്ങൾ അനുസരിച്ചും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചുമാണ് പരീക്ഷകൾ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

13 ലക്ഷത്തോളം കുട്ടികളാണ് ഈ മാസം 30 വരെ പരീക്ഷ എഴുതുന്നത്. ഇന്നു മാത്രം 4,78,795 കുട്ടികൾ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി കണക്കു പരീക്ഷയും നടക്കും. നാളെ രാവിലെ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ തുടങ്ങും. അര മണിക്കൂർ മുൻപെങ്കിലും വിദ്യാർഥികൾ സ്കൂളിലെത്തണം.

കെഎസ്ആർടിസി 343 അധിക സർവീസുകൾ നടത്തും. വിദ്യാർഥികൾ പകുതി നിരക്ക് നൽകിയാൽ മതി. കുട്ടികളുമായുള്ള വാഹനങ്ങൾ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.