രക്ഷിതാക്കള്‍ കൂട്ടം കൂടിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടം കൂടിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. തിരക്ക് ഒഴിവാക്കാന്‍ കുട്ടികളെ ഒരേ സമയം പുറത്തിറക്കരുത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയമനടപി സ്വീകരിക്കും. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഡിജിപി പുറത്തിറക്കി.

വിദ്യാര്‍ഥികളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സജ്ജം. സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് ഇവ ഒരുക്കിയത്. സ്വകാര്യവാഹനങ്ങളും അനുവദിക്കും. വിദ്യാര്‍ഥികളുമായി പോകുന്ന വാഹനം തടയരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശമുണ്ട്. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍തന്നെ പരീക്ഷയ്ക്ക് എത്തിക്കും.

കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കണം. ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലേക്കാണ് ഇടേണ്ടത്. ഇത് ഏഴുദിവസം സ്‌കൂളില്‍ സൂക്ഷിച്ചശേഷം അയച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.