ഓൺലൈനായി വിൽപ്പന വ്യാഴാഴ്ച മുതൽ; ബുക്കിംഗ് നാളെ മുതൽ

തിരുവനന്തപുരം: മദ്യം ഓൺലൈനായി വിൽക്കുന്നതിന് തയ്യാറാക്കിയ ബവ്ക്യൂ ആപ്പിൽ നാളെ മുതൽ ബുക്കിംഗ്. വ്യാഴാഴ്ച മുതലായിരിക്കും മദ്യത്തിന്റെ വിൽപന. ഇന്ന് ഉച്ചയോടെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാകും. ബുക്കിങ് നടത്തി ലഭിക്കുന്ന ടോക്കൺ നമ്പറിന് അനുസരിച്ചാകും വിൽപന.

ഇന്നു രാവിലെയാണ് ആപ്പിന്റെ ബീറ്റ വേർഷന് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്. ട്രയലുകൾക്ക് ശേഷമായിരിക്കും മദ്യവിൽപന. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റർ മദ്യം വാങ്ങാം.