ബെവ് ക്യൂ ആപ്പിന് ഇന്ന് അനുമതി ലഭിച്ചേക്കും

കൊച്ചി: സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിക്കുന്നതിനായി സജ്ജമാക്കിയ ബെവ് ക്യൂ ആപ്പിന് ഇന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍. പ്ലേസ്‌റ്റോറില്‍ നിന്നുള്ള അനുമതി ഇന്നു ലഭിച്ചാല്‍ രണ്ടു ദിവസത്തിനകം മദ്യവില്‍പ്പന പുനരാരംഭിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ശനിയാഴ്ചയാണ് ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തത്. ആപ്പിന് അനുമതി ലഭിക്കാന്‍ ചിലപ്പോള്‍ ഏഴു ദിവസം വരെ എടുക്കാറുണ്ട്. ആപ് പബ്ലിഷ് ചെയ്യുന്ന വിവരം സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഗൂഗിളിനെ അറിയിക്കുകയും കാലതാമസമില്ലാതെ പബ്ലിഷ് ചെയ്യുന്നതിന് അഭ്യര്‍ഥിക്കുകയും ചെയ്തതായാണ് വിവരം.

ആപ്പിന്റെ കാര്യത്തില്‍ പ്ലേസ്‌റ്റോറില്‍നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏഴു ദിവസം വരെ കാലതാമസം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ തന്നെ പ്ലേസ്‌റ്റോറില്‍ ആപ് പബ്ലിഷ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിന് ഇന്ന് അനുമതി ലഭിച്ചേക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബവ്‌കോയെ അറിയിച്ചു.

പ്ലേസ്‌റ്റോറിന്റെ പബ്ലിഷ് ചെയ്താലും ഏതാനും ദിവസം കൂടി വൈകിയ ശേഷമേ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആപ് ലഭിക്കൂ എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ കയറുന്ന സിനാരിയൊ ടെക്‌നിക്കലി ക്രിയേറ്റ് ചെയ്ത് വിജയകരമെന്ന് ഉറപ്പിച്ച ശേഷമായിരിക്കും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.