സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ക്വാറന്റീനില്‍

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ക്വാറന്റീനില്‍. വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് ഇവര്‍ ക്വാറന്റീനില്‍ പോകാന്‍ ഇടയാക്കിയത്. സിഐ 2’കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കാറിൽ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തിൽ എതിരെ വരുകയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിർത്താതെ പോയ കാർ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷൽ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുൻപു നടത്തിയ പരിശോധനയിലാണ് ഒരാൾക്കു കൊറോണ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ 34 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പ്രവേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.