ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം സ്ക്വാഡുകളുടെ നിരീക്ഷണം ശക്തമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം പ്രത്യേക സ്ക്വാഡുകള്‍ നിരീക്ഷണം നടത്തും. ക്വാറന്‍റീൻ ലംഘനങ്ങള്‍ കൂടിയതിനെത്തുടർന്നാണ് പൊലീസ് നടപടികള്‍ ശക്തമാക്കുന്നത്.

ജില്ലയില്‍ മുന്നൂറിലധികം പേർ നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 18 പേരെ നിർബന്ധിത നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങി വന്നവരുടെ വീടുകള്‍ക്ക് സമീപം ഇനി മുതല്‍ രഹസ്യ നിരീക്ഷണവും ഉണ്ടാകും.

അതേസമയം ക്വാറന്‍റീനിലുള്ളവരെ നിരീക്ഷിക്കാൻ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിനെതിരെ പരാതികള്‍ വ്യാപകമാണ്. സിസിടിവി, ഡ്രോണുകള്‍, ഇന്റലിജൻസ് സംവിധാനങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗിക്കും. 150 പൊലീസുകാരടങ്ങുന്ന ബൈക്ക് സ്ക്വാഡും രംഗത്തുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവർക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിനുള്ള സഹായവും പൊലീസ് തന്നെ ഏർപ്പാട് ചെയ്യും.

ക്വാറന്‍റീനിലുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ കൊച്ചി പൊലീസ് തയാറാക്കിയ കൊവിഡ് 19 സേഫ്റ്റി എന്ന ആപ്പിനെക്കുറിച്ച് പരാതികള്‍ ഉയർന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെങ്കില്‍പ്പോലും, ജിപിഎസ് സിഗ്നല്‍ റീഡ് ചെയ്യുന്നതിലെ പിഴവ് കാരണം, തെറ്റായ വിവരം കാണിക്കുന്നുവെന്നാണ് പരാതി. എന്നാല്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല, മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കം നടപടികളെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.