ആപ്പിൽ ആക്ഷേപം നുരഞ്ഞ് പൊങ്ങുന്നു; കണ്ണും നട്ട് മദ്യപാനികൾ

കൊച്ചി: മദ്യം വാങ്ങാൻ വെർച്വൽ ക്യൂ ആപ് തയാറാക്കാൻ സ്റ്റാർട്ടപ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിൽ സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായി ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപം. പലർക്കും വേണ്ടപ്പെട്ട ഈ കമ്പനിക്കാരനെ സഹായിക്കാനാണ് ഈ കമ്പനിയെ തെരഞ്ഞെടുത്തതെന്ന് ചില ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ആപ് ഇറങ്ങും മുമ്പേ അനുകൂലമായി മാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നു.

ദിവസം 10 ലക്ഷം പേർ ബവ്കോയിൽ എത്താറുണ്ട്.. ബാറുകൾ കൂടി കണക്കെടുമ്പോൾ ഇത് ഉയരും. ടോക്കണിന് 50 പൈസയാണ് ആപ് വികസന സ്ഥാപനത്തിന് നൽകേണ്ടത് എന്നാണ് വെളിപ്പെടുത്തൽ. ബാറുകൾ കൂടി കൂട്ടി 10 ലക്ഷം ടോക്കണുകൾ എന്ന് കണക്കെടുമ്പോൾ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വർഷം 18 കോടി. നിസ്സാര തുകയല്ല. ആപ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിത്. സർക്കാർ വെബ്‌സൈറ്റിന്റെ ഭാഗമായിരുന്നെങ്കിൽ ചെറിയ തുകയിൽ കഴിയാവുന്ന കാര്യം.

ഐസിടി അക്കാദമി, സ്റ്റാർട്ടപ് മിഷൻ, ഐടി മിഷൻ, ബവ്കോ പ്രതിനിധികൾക്ക് പുറമേ ഐടി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാർട്ടപ് മിഷന്റെ ടെൻഡറിൽ 29 കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ 10 കമ്പനികൾക്കാണ് ആപ് വികസിപ്പിക്കുന്നതിൽ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും ചെലവിന് 30 ശതമാനവും മാർക്കാണ് നൽകിയത്. ആപ് വികസിപ്പിക്കാൻ തിരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അവസാന റൗണ്ടിൽ ഒപ്പമുണ്ടായിരുന്ന കമ്പനിയേക്കാൾ 11 ലക്ഷത്തോളം കുറഞ്ഞ റേറ്റ് ആവശ്യപ്പെട്ടതും ലോഡ് ടെസ്റ്റിങിലെ അനുഭവവും ഗുണകരമായത്രേ. എന്നാൽ ഐടി സെക്രട്ടറിയുടേയും സ്റ്റാർട്ടപ് മിഷൻ സിഇഒയുടേയും നിർദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകൾ തുറക്കാനുള്ള തയാറെടുപ്പിലായിരുന്നു ബവ്കോ. മദ്യം വിൽക്കാൻ ആപ് ഇറക്കാന്‍ നോക്കി സർക്കാർ ആപ്പിലാകുന്ന സ്ഥിതിയാണ്.

മദ്യം വാങ്ങാൻ വെർച്വൽ ക്യൂ ആപ് തയാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുന്നത് അധികൃതർക്ക് തലവേദനയാകുകയാണ്. സെക്യൂരിറ്റി, ലോഡ് ടെസ്റ്റിങ്ങുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്ലേ സ്റ്റോറിൽ ആപ് സമർപ്പിക്കുന്നത് വൈകുകയാണ്.

ഗൂഗിളിന്റെ സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്ന തെറ്റായ വിവരം നൽകിയാണ് ഈ താമസത്തെ ന്യായീകരിക്കുന്നത്. എന്നാൽ ആപ്പിന് ഗൂഗിൾ സുരക്ഷാ അനുമതി ആവശ്യമില്ല. ആപ് തയാറാക്കി ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാക്കാനായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഫോണുകൾക്കായി ആപ് സ്റ്റോറിലും സമർപ്പിക്കുകയാണു വേണ്ടത്. ഈ രണ്ടു സ്റ്റോറുകളും റിവ്യൂ എന്ന ചടങ്ങിലൂടെ സുരക്ഷയും നിലവാരവും ഉപയോഗക്ഷമതയും സോഫ്റ്റ്‌വെയർ ബഗുകളും പരിശോധിച്ച് സ്റ്റോറുകളിൽ ഡൗൺലോഡിനായി പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് ഫോണുകളിലേക്ക് ഡൗൺലോഡ് ചെയ്യാം. സുരക്ഷയും പരിശോധനാ വിധേയമാക്കും എന്നൊരു ന്യായം പറയാമെന്നല്ലാതെ സുരക്ഷാ പരിശോധന എന്നൊരു പുകമറ സൃഷ്ടിക്കുന്നതിൽ കഴമ്പില്ല. ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും വരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ്.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള ബെവ് ക്യു ആപ്പിന് ഗൂഗിള്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച കമ്പനി ഫെയര്‍ കോഡ് ടെക്‌നോളജീസ് പറയുന്നത്. ഗൂഗിളിന് അപേക്ഷ നല്‍കിയിട്ടുള്ളൂവെന്നും കമ്പനി വിശദീകരിച്ചു. ഐടി ഡിപ്പാര്‍ട്ട്മെന്റാണ് ഗൂഗിളിന് അപേക്ഷ നല്‍കേണ്ടത്. തിരിച്ചയച്ചെന്ന വാര്‍ത്ത വരുമ്പോള്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു. ആപ്ലിക്കേഷന്‍ എന്ന് പ്ലേ സ്റ്റോറില്‍ വരുമെന്ന് ഇന്ന് അറിയാമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്കായി നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ ഗൂഗിള്‍ തിരിച്ചയച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സാധാരണ 24 മണിക്കൂറിനുള്ളിൽ ആപ്പുകൾക്ക് പ്ലേ സ്റ്റോർ അനുമതി നൽകാറുണ്ട്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഏഴു ദിവസമോ അതിലധികമോ താമസം ഉണ്ടാകാമെന്ന് ഗൂഗിൾ അറിയിപ്പിൽ പറയുന്നു. ഗുഗിളിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ് ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്ന ഡവലപർമാർക്കുള്ള അറിയിപ്പിലാണിതു വ്യക്തമാക്കുന്നത്. എന്നാൽ സർക്കാരുകളുടെയോ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതോ ആയ ആപ്പുകൾക്ക് ഇളവുണ്ട്. കോവിഡ് ആവശ്യങ്ങൾക്കായുള്ള ആപ്പുകൾക്കാണ് ഈ ഇളവ്. സർക്കാർ നിയോഗിക്കുന്ന സ്ഥാപനങ്ങൾ സമർപ്പിക്കുന്ന ആപ്പുകൾക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ മദ്യവിൽപന കോവിഡ് പരിധിയിൽ വരുമോ എന്നതാണ് പ്രശ്നം. ഏഴു ദിവസത്തെ സാവകാശം ആൻഡ്രോയിഡ് പ്ലേ സ്റ്റോർ പറഞ്ഞാലും സാധാരണ ഗതിയിൽ മണിക്കൂറുകൾക്കകം അനുമതി ലഭിച്ച അവസരങ്ങളുമുണ്ട്. മാത്രമല്ല ഇന്ന ദിവസം ആപ് പ്രസിദ്ധീകരിക്കേണ്ടതാണെന്ന ഒരു അടിയന്തര അപേക്ഷയോടെ ഡവലപ്പർക്ക് സമർപ്പിക്കാവുന്നതാണ്. എന്നാൽ ഇതു സ്വീകരിക്കണോ തിരസ്കരിക്കണോ എന്നു തീരുമാനിക്കുന്നത് പ്ലേ സ്റ്റോറാണ്. അതുകൊണ്ട് ഏതു സമയത്തും ആപ്പിന് അംഗീകാരം ലഭിക്കാവുന്നതേയുള്ളൂ. എന്ന് ആപ് ആകും എന്ന ചോദ്യത്തിന് ആർക്കും മറുപടി പറയാനാകുന്നില്ല.

ആപ്പിൾ ആപ് സ്റ്റോറിൽ സമർപ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. ആപ്പിളിന്റെ അംഗീകാരം ലഭിക്കുക ഗുഗിളിന്റെ അംഗീകാരത്തെക്കാൾ ബുദ്ധിമുട്ടാണ്. 24 മണിക്കൂർ മുതൽ ഏഴു പ്രവൃത്തി ദിവസം വരെ ഇതിനായി സാധാരണ എടുക്കാറുണ്ട്. ആപ്പിൾ സ്റ്റോറിലും ഗൂഗിളിനു സമാനമായ അറിയിപ്പുണ്ട്. അടിയന്തര സ്വഭാവമുള്ള ആപ്പുകളാണെങ്കിൽ അക്കാര്യം വ്യക്തമാക്കാൻ ആവശ്യപ്പെടുന്നു. തീരുമാനം ആപ്പിളിന്റേതായിരിക്കും. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ആപ്പുകൾക്കാണ് ഈ ഇളവ്. അല്ലാത്തവ പരിഗണിക്കണമെന്നില്ല. മാത്രമല്ല കോവിഡ് പേരുപയോഗിച്ച് മറ്റ് ആപ്പുകൾ ഇങ്ങനെ അംഗീകാരം നേടാൻ അനുവദിക്കില്ല എന്നു വ്യക്തമായ നിർദേശമുണ്ട്. അതുകൊണ്ട് ആപ്പിളിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ വേണ്ട. ആപ്പിൾ ഫോണുള്ളവർക്കു മദ്യപിക്കണമെങ്കിൽ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കേണ്ടി വരും.
ഒന്നും വ്യക്തമല്ലാത്തതിനാലും അംഗീകാരം നൽകേണ്ടത് ഗൂഗിളിന്റെയും ആപ്പിളിന്റെയും മാത്രം തീരുമാനമായതിനാലും ഇക്കാര്യത്തിൽ സ്വാധീനങ്ങൾക്കു സാധ്യതയില്ലാത്തതിനാലും അനിശ്ചിതത്വമാണ്. അംഗീകാരം ലഭിച്ചതിനുശേഷം ഒരു ദിവസം ടെസ്റ്റിങ് എന്നു പറയുന്നതിലും വലിയ കാര്യമില്ല. എല്ലാ ടെസ്റ്റും കഴിഞ്ഞതിനുശേഷമാണ് ആപ് സ്റ്റോറിൽ വരിക. പിന്നെ ടെസ്റ്റിങ്ങിനു വലിയ പ്രസക്തിയില്ല. തിരക്കു കൂടി ആപ് തകർന്നാൽ തകർന്നതു തന്നെ.

വലിയ ചോദ്യമാണ്. വെബ് ആപ്ലിക്കേഷനായിരുന്നു അനായാസം. ആപിനെക്കാൾ സാങ്കേതിക കയ്യടക്കം വെബ് ആപ്ലിക്കേഷനു ലഭിക്കും. ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് അതിലും എളുപ്പത്തിൽ കംപ്യൂട്ടറിലും മൊെെബലിലും ഇത് ഉപയോഗിക്കാനാവും. ശബരിമല വിർച്വൽ ക്യൂ അടക്കം സമാന സൗകര്യങ്ങൾ സൈറ്റ് ഉപയോഗിച്ച് സർക്കാർ ചെയ്തിട്ടുണ്ട്. സൈറ്റിന് ആപ് മുഖം നൽകി ആപ് പോലെ പ്രവർത്തിക്കാവുന്ന സാങ്കേതികതയും ഇപ്പോഴുണ്ട്. ഒരു എസ്എംഎസ് പുഷിലൂടെ ഇതു സാധ്യവുമാണ്. അതായത്, ഏതെങ്കിലും നമ്പരിലേക്ക് ഒരു കോഡ് എസ്എംഎസ് അയയ്ക്കുക. മറുപടിയായി ലിങ്ക് ലഭിക്കും. അതിൽ ക്ലിക് ചെയ്താൽ െെസറ്റ് ലഭിക്കും. ഇത് ആഡ് ടു ഹോം എന്ന സൗകര്യത്തിൽ മെബൈൽ ഹോമിൽ ആപ് പോലെ കാണിക്കാം. ആപ്പിളെന്നോ ആൻഡ്രോയിഡെന്നോ ഭേദമില്ല. ജിയോ ഫോണിൽപ്പോലും ഇതു പ്രവർത്തിക്കും. ബവ്കോയിൽ ക്യൂ നിൽക്കുന്ന ഭൂരിഭാഗത്തിനും സൗകര്യം ഇതായിരുന്നു.

35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും ആപ്പിനു തകരാറുണ്ടാകില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ഇത് ഉപയോഗിച്ചു തുടങ്ങിയാലേ ആപ്പിൻ്റെ നിലവാരം വിലയിരുത്താനാകൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആപ്ലിക്കേഷനില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാം. ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാത് കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും.