തിരുവനന്തപുരം : കേരള സർക്കാരിന്‍റേത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളന്റെ നിലപാടെന്നും കള്ളം കൈയ്യോടെ പിടികൂടിയപ്പോൾ കളവ് മുതൽ ഉപേക്ഷിക്കുകയാണ് സർക്കാർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോറോണയുടെ മറവിൽ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.
പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നു. അവർ ഇത് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചേനേ. മലയാളികളുടെ ആരോഗ്യ വിവരം സ്പ്രിംക്ലര്‍ കൈക്കലാക്കിയേനെയെന്നും ചെന്നിത്തല ആരോപിച്ചു.
ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡൽഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികൾ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ എവിടേയും ഇതിനെ കുറിച്ച് പരാമർശിച്ചിട്ടില്ല. അതീവ രഹസ്യമായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജനങ്ങളെ സംബന്ധിച്ചുള്ള പ്രധാന ഡാറ്റ അമേരിക്കൻ കമ്പനിയുടെ കൈകളിലേക്ക് നൽകിയത്. ഞങ്ങൾ ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പർച്ചേഴ്സ് ഓർഡറും മറ്റു എഗ്രിമെന്റും പോലും ഉണ്ടാകുന്നത്. ന്യായീകരിക്കുന്നതിനായി കമ്പനിയുടെ പക്കൽനിന്ന് രണ്ടു കത്തുകൾ വാങ്ങുകയും ചെയ്തു. വിഷയം ഞങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് സിഡിറ്റ് രംഗപ്രവേശം ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ട് ഒരു സമിതികളിലും ചർച്ചയുണ്ടായില്ല. മന്ത്രിസഭയിലും ചർച്ചയായില്ല. ഇടതു മുന്നണിയും പാർട്ടി സെക്രട്ടറിയേറ്റും ചർച്ച ചെയ്തില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് വരെ ഒരു ഫയലും സർക്കാരിന്റെ പക്കലില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു
പ്രതിപക്ഷതിന് നിരവധി ചോദ്യങ്ങളുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവർത്തിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.