ക്വാറൻ്റയിൻ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെല്ലുവിളി; മന്ത്രി ശൈലജ

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവർ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാലേ കേരളത്തിനു കൊറോണമുക്തി നേടാൻ സാധിക്കു എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ഏത് മാർഗത്തിൽ കൂടിയാണെങ്കിലും സംസ്ഥാനത്തെത്തുന്നവരെ കർശനമായി പരിശോധിക്കും. തുടർന്ന് അവരെ ക്വാറന്റീൻ ചെയ്യുമെന്നും പുറത്തുനിന്ന് വരുന്നവരെ ഹോം ക്വാറന്റീൻ ചെയ്യുന്നതാണ് ഫലപ്രദമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ട്രെയിനുകളും ഫ്ലൈറ്റുകളും വരുമ്പോൾ കൂടുതൽ കൊറോണ പോസിറ്റിവ് കേസിന് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആഭ്യന്തര വിമാനത്തിൽ വരുന്നവർക്കും 14 ദിവസത്തെ ഹോം ക്വാറന്റീൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കിയാൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളുവെന്നും നിരീക്ഷണം പാളിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോറോണയുടെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ പൂര്‍ണമായി വൈറസ്‌ വ്യാപനം നിയന്ത്രിക്കാൻ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. 93 വയസ്സുള്ള ആളെ വരെ നമുക്ക് രക്ഷിക്കാനായി. എന്നാല്‍ പുറത്തുനിന്നുള്ളവരുടെ വരവോടെ മെയ് 7ന് ശേഷം 188 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. വരുന്ന ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് സംസ്ഥാന സർക്കാർ ഒരുക്കുന്ന ക്വാറന്റീൻ കേന്ദ്രങ്ങളുടെ സൗകര്യങ്ങളിൽ ഏറ്റക്കുറച്ചിൽ വരുമെന്നും മന്ത്രി പറഞ്ഞു.