ക്വാറൻ്റയിൻ കേന്ദ്രങ്ങളായ ബാറുകൾ വഴി മദ്യ വിൽപന; കൊറോണ പടരാൻ സാധ്യത

ഉണ്ണിക്കുറുപ്പ്

കൊച്ചി: ക്വാറൻ്റൈൻ കേന്ദ്രമാക്കിയ സംസ്ഥാനത്തെ ബാറുകൾ വഴി സർക്കാർ മദ്യം വിൽക്കാനൊരുങ്ങുന്നത് വൻ വിപത്താകുമെന്ന് സൂചന. കേന്ദ്ര നിർദേശം അവഗണിച്ച് ബാറുകൾ വഴി മദ്യവിൽപ്പനക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുമ്പോൾ രോഗം പകരാനുള്ള സാധ്യത കൂടും. നിലവിൽ ക്വാറൻ്റൈൻ കേന്ദ്രങ്ങളായ സംസ്ഥാനത്തെ 3,4,5 സ്റ്റാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ തുടങ്ങിയവ വഴി മദ്യം വിൽക്കാനുള്ള നീക്കം കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഹോട്ടലുകളിൽ പണം നൽകി ക്വാറൻ്റൈൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്തത് 169 ഹോട്ടലുകളാണ്. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ബാർ അറ്റാച്ച്ഡ് ഹോട്ടലുകളാണ്.

ഇവിടെ എല്ലാം ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

മദ്യവിൽപന തുടങ്ങിയാൽ ബാറുകളിൽ ദിനംപ്രതി കുറഞ്ഞത് 500 ആളുകൾ എത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ബാറുകളിൽ സ്റ്റാഫുകളും കുറവാണ്. ക്വാറൻ്റൈനിൽ കഴിയുന്നവരുമായി ഇടപഴകുന്ന ജീവനക്കാർ തന്നെയാവും മദ്യവിതരണത്തിനും നിൽക്കുക. ഇത് കൊറോണ രോഗവ്യാപനത്തിന് വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും ഏകദേശം രണ്ടര ലക്ഷം ആളുകൾ വരും ദിവസങ്ങളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂരിഭാഗം പ്രവാസികളും ക്വാറൻ്റൈന് തെരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള സ്റ്റാർ ഹോട്ടലുകളാവും. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ 3,4,5 സ്റ്റാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ തുടങ്ങിയവയെ ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ നിന്നും ഒഴിവാക്കാനും സാധിക്കില്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയ വെല്ലുവിളിയാണ്.

എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ സ്കുളുകളിലെ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ ഒഴിവാക്കി തുടങ്ങി. ഇതിനിടെ സ്റ്റാർ ഹോട്ടലുകൾ കൂടി ക്വാറൻ്റൈൻ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപെട്ടാൽ സ്ഥിതി ഗുരുതരമാകും. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് സ്റ്റാർ ഹോട്ടലുകളിൽ കഴിയുന്നവരിലേറെയും. ഇവരെ ഒഴിവാക്കണമെന്ന് പറയുന്നതെങ്ങനെ എന്നതും വെല്ലുവിളിയാണ്.

ക്വാറൻ്റൈൻ കേന്ദ്രങ്ങളായ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ടർ, ഡി.എം.ഒ മാർ, എക്സൈസ് മേധാവി എന്നിവരെ ബന്ധപ്പെട്ടപ്പോൾ പഠിച്ചിട്ട് മറുപടി നൽകാമെന്ന് മറുപടി.
ബാറുടമകൾക്ക് ഇത് സംബന്ധിച്ച് അറിവുണ്ടെങ്കിലും പുറത്തു പറയരുതെന്നാണ് അപേക്ഷ!

വെർച്വൽ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം വിതരണം ചെയ്യുന്നതിന് 540 ബാറുകളും 212 ബിയർ വൈൻ പാർലറുകളുമാണ് സര്‍ക്കാരിനെ താൽപര്യം അറിയിച്ചത്.

ബവ്റിജസ് കോർപ്പറേഷന് ബാറുകളും ബിയർ വൈൻ പാർലറുകളും നൽകേണ്ട വിവരങ്ങളുടെ മാതൃക ബവ്കോ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ പൂരിപ്പിച്ച് ബവ്കോയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ അറിയിക്കണം. ബാറുകളിലും ബിയർ വൈൻ പാർലറുകളിലും പാഴ്സൽ വിൽപന പരിമിതമായ കാലത്തേക്കു മാത്രമായിരിക്കും.

ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും, 225 ഫോർ സ്റ്റാർ ഹോട്ടലും 51 ഫൈവ് സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്. ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകളുള്ളത്.

എന്തായാലും ബാറുകൾ വഴി മദ്യം വിൽക്കണമെങ്കിൽ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ പൂട്ടണം.